കാസർകോട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ബദിയടുക്കയിൽ പുതിയ വഴിയോര വിശ്രമകേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള ശുചിമുറിയുടെ സൗകര്യക്കുറവും ശോച്യാവസ്ഥയും യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്.
നിലവിലുള്ള ശുചിമുറി ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 60 മീറ്ററോളം അകലെയാണ് സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് പൊളിച്ചുനീക്കിയ ടൗണിലെ കാലപ്പഴക്കമുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പകരം ഇതുവരെ പുതിയ നിർമ്മാണം നടന്നിട്ടില്ല.
നിലവിൽ ഇവിടെ ഒരു ചെറിയ കാത്തിരിപ്പുകേന്ദ്രം മാത്രമാണുള്ളത്. ദീർഘദൂരം യാത്ര ചെയ്ത് എത്തുന്നവർക്ക് നിലവിലെ ശുചിമുറിയുടെ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
ഇതിനു പുറമെ, ശുചിമുറിയിലെ വൃത്തിയില്ലായ്മ യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. ശുചിമുറി ഉപയോഗിക്കാൻ ആളുകൾ തയ്യാറാകാത്തതിനാൽ ശുചീകരണ തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം പോലും ലഭിക്കാത്ത ദയനീയ സാഹചര്യമാണുള്ളത്.
ചെർക്കള– കല്ലടക്ക സംസ്ഥാനാന്തര പാതയും കുമ്പള– മുള്ളേരിയ– കെഎസ്ടിപി റോഡും കടന്നുപോകുന്ന പ്രധാനപ്പെട്ട ജങ്ഷനാണ് ബദിയടുക്ക.
കേരളത്തിലും കർണാടകയിലുമുള്ള ആർടിസി ബസുകളും ചരക്കുവാഹനങ്ങളും അടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന ഈ ടൗണിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആയതിനാൽ, യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ പര്യാപ്തമായ രീതിയിൽ ഇവിടെ ഉടൻ തന്നെ പുതിയൊരു വഴിയോര വിശ്രമകേന്ദ്രം നിർമിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

