കോട്ടയം ജില്ലയിൽ നടന്നു വരുന്ന സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഇതിന്റെ ഭാഗമായി പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്ന നടപടികൾ ഇന്നു നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭാരവാഹികളുടെയും കമ്മിറ്റിയംഗങ്ങളുടെയും അന്തിമ പട്ടിക തയ്യാറാക്കും. തുടർന്ന് ഈ പട്ടിക സമ്മേളനത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കും.
സ്ഥാനമൊഴിയുന്ന എളമരം കരീമിന് പകരമായി സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.കെ.ജയചന്ദ്രനെയാണ് പാർട്ടി നിർദേശിച്ചിട്ടുള്ളത്. അതേസമയം, സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ടി.പി.രാമകൃഷ്ണൻ തന്നെ തുടരും.
പി.നന്ദകുമാറിന് പകരം മുൻമന്ത്രി വി. ശിവൻകുട്ടി പുതിയ ട്രഷററായി ചുമതലയേൽക്കും.
നിലവിലെ കമ്മിറ്റിയിൽ 45 ഭാരവാഹികളും 4 ക്ഷണിതാക്കളും ഉൾപ്പെടെയുള്ള അംഗങ്ങളാണ് ഉള്ളത്. ഇതിൽ 20 വൈസ് പ്രസിഡന്റുമാരും 21 സെക്രട്ടറിമാരും ഉൾപ്പെടുന്നു.
എന്നാൽ കമ്മിറ്റി അംഗങ്ങളായ കെ.പി.സഹദേവൻ, എ.വി.റസൽ, എൻ.ഉണ്ണിക്കൃഷ്ണൻ, എൽ.ഇന്ദിര, ഷീല അലക്സ് എന്നിവർ അന്തരിച്ചിരുന്നു. കൂടാതെ മൂന്ന് പേരെ വിവിധ ഘട്ടങ്ങളിലായി കമ്മിറ്റിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പുതിയ ഭാരവാഹി പട്ടികയിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ വലിയ അഴിച്ചുപണി നടക്കുമെന്നും പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നുമാണ് സൂചന. ക്ഷണിതാക്കളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായേക്കാം.
സമ്മേളനത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ച് തൊഴിലാളി റാലി ഉണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
പ്രതിനിധി സമ്മേളനം നടന്ന കെ.സി.മാമ്മൻ മാപ്പിള ഹാളിൽ നിന്നും പ്രതിനിധികളുടെ പ്രകടനവും റെഡ് വൊളന്റിയർമാരുടെ മാർച്ചുമാണ് സമാപനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് 4 മണിക്ക് സമ്മേളന പ്രതിനിധികൾ ജാഥയായി മൈതാനത്തേക്ക് പുറപ്പെടും.
കെകെ റോഡ് വഴി സെൻട്രൽ ജംക്ഷനിലെത്തി, വൈഎംസിഎ റോഡു വഴി ശാസ്ത്രി റോഡിലെത്തി, കുര്യൻ ഉതുപ്പ് റോഡ് വഴി നെഹ്റു സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

