ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൾ അസീസ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. പാകിസ്ഥാനിലെ ഇസ്ലാമബാദിൽ മോസ്കിൽ പ്രാർത്ഥനയ്ക്കായി എത്തുന്നതിന് മുൻപാണ് സംഭവം നടന്നത്.
പ്രാർത്ഥനയ്ക്കായി എത്തും മുൻപ് പരിചയമില്ലാത്ത ഒരു ഹോട്ടലിൽ നിന്ന് ഖാരി സയീദ് അബ്ദുൾ അസീസ് ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ ഈ മരണത്തിൽ വിഷപ്രയോഗം നടന്നുവെന്ന സംശയം ശക്തമായി നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 8 നാണ് ഇദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്. പള്ളിയുടെ വളപ്പിലേക്ക് കയറിയ ഉടൻ തന്നെ ഖാരി സയീദ് അബ്ദുൾ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്ത്യയിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ പ്രധാന ചുമതല.
എന്നാൽ മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെയും വ്യക്തമായി പുറത്തുവന്നിട്ടില്ല. ഇതാണ് സംഭവത്തിൽ വിവിധ സംശയങ്ങൾക്ക് വഴിയൊരുക്കുന്നത്.
അസീസിന്റെ മരണകാരണം ഹൃദയാഘാതമാണോ അതല്ലെങ്കിൽ രഹസ്യ കേന്ദ്രത്തിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തി നടത്തിയ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും, അസീസിനെ മനപൂർവം ലക്ഷ്യമിട്ട് വധിച്ചതാണെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള യാതൊരുവിധ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.
ഈ സംഭവത്തെക്കുറിച്ച് പാകിസ്ഥാൻ അധികൃതരോ ബന്ധപ്പെട്ട ഏജൻസികളോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാകിസ്ഥാനിൽ അജ്ഞാതരുടെ ആക്രമണങ്ങളിൽ മുപ്പതോളം ലഷ്കർ ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംഘടനയിലെ ഉന്നത നേതാവായ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഖാരി സയീദ് അബ്ദുൾ അസീസ് മരണപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടെ പെഷാവർ, കറാച്ചി, റാവൽപിണ്ടി, റാവലാകോട്ട്, മുസഫറാബാദ് തുടങ്ങിയ സ്ഥലങ്ങളിലും പാക് അധീന കശ്മീരിലും വെച്ച് ലഷ്കറിന്റെ മുപ്പതിലധികം ഭീകരർ അജ്ഞാതരാൽ വധിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് റിസ്വാൻ ഹനീഫ് വ്യക്തമാക്കിയത്. നൂറ്റിയിരുപത്തിയാറിലധികം പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്കർ ഇ തൊയ്ബയ്ക്ക് അൽ ഖ്വയ്ദ, താലിബാൻ സംഘടനകളുമായുള്ള ബന്ധം കാരണം 2005-ൽ ഐക്യരാഷ്ട്രസഭ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
സംഘടനയിലെ അംഗങ്ങൾ ഇത്തരത്തിൽ തുടർച്ചയായി വധിക്കപ്പെടുന്നു എന്ന കാര്യം ലഷ്കറുമായി ബന്ധമുള്ള ഒരു ഭീകരൻ പരസ്യമായി സമ്മതിക്കുന്നത് അതുകൊണ്ടുതന്നെ ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലഷ്കറിന്റെ മറ്റൊരു പ്രധാന നേതാവ് കൂടിയായ ഖാരി സയീദ് അബ്ദുൾ അസീസ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

