ഫുട്ബോൾ താരം ലിയോണൽ മെസ്സിയുടെ പേരിലുയർന്ന വിവാദങ്ങളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ചേരും. അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതലകൾ ഔദ്യോഗികമായി വിഭജിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായാണ് യോഗം വിളിച്ചിരിക്കുന്നത്.
സർക്കാരിൽ നിന്നും ആവശ്യമായ ഔദ്യോഗിക രേഖകളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകാൻ യോഗത്തിൽ തീരുമാനമാകും. സ്പോണ്സറായി ആർബിസിയെ തിരഞ്ഞെടുത്ത നടപടിയും, കായിക മന്ത്രി വി.
അബ്ദുറഹ്മാന്റെ സ്പെയിൻ സന്ദർശനവുമടക്കം ഒമ്പത് പ്രധാന വിഷയങ്ങളാണ് അന്വേഷണ സമിതിയുടെ ആദ്യ പരിഗണനയിലുള്ളത്. ആദ്യഘട്ടത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച സാഹചര്യങ്ങളും, GoatAd ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും സംഘം വിശദമായി പരിശോധിക്കും.
ഏതെങ്കിലും സ്വകാര്യ കമ്പനികൾക്ക് വഴിവിട്ട ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ സർക്കാരിന്റെ ഭാഗത്തുനിന്നും നൽകിയിട്ടുണ്ടോയെന്നും, ഇതുവഴി പൊതുഖജനാവിന് നഷ്ടം വന്നിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും.
പദ്ധതിയുടെ ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യങ്ങളും, പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കാൻ ഇടയായ പശ്ചാത്തലവും അന്വേഷിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിദേശ സന്ദർശനം, ആശയവിനിമയങ്ങൾ, ചർച്ചകൾ, നൽകിയ ഉറപ്പുകൾ എന്നിവയ്ക്ക് പുറമേ അർജന്റീന ഫുട്ബോൾ അസോസിയേഷൻ, ഫുട്ബോൾ ഓസ്ട്രേലിയ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി സ്വകാര്യ കമ്പനിക്ക് സർക്കാർ സഹായത്തോടെ എങ്ങനെ കരാർ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതും പരിശോധിക്കും.
ഇത്തരം സ്വകാര്യ കരാർ ഇടപാടുകളുമായി സർക്കാരിന്റെ പേരും അധികാരവും സംവിധാനങ്ങളും ബന്ധപ്പെടുത്താനിടയായ സാഹചര്യവും എസ്.ഐ.ടി പരിശോധിക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറിയതും ഉപയോഗിച്ചതും, അതുമായി ബന്ധപ്പെട്ട് നടത്തിയ നിർമ്മാണ പ്രവൃത്തികളും ചെലവുകളും അന്വേഷണത്തിന്റെ ഭാഗമായിരിക്കും.
വിവിധ ഘട്ടങ്ങളിൽ ഉൾപ്പെട്ട പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, കമ്പനികൾ, ഇടനിലക്കാർ എന്നിവരുടെ പങ്കും ഉത്തരവാദിത്തവും നിർണ്ണയിക്കുന്നതിനൊപ്പം, വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമോ ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരമോ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

