ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്ക് സർവീസ് നടത്തിയ വിമാനത്തിനുള്ളിൽ സഹയാത്രികയ്ക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ യുകെ കോടതി ഇന്ത്യൻ പൗരന് ശിക്ഷ വിധിച്ചു. ദുബായിൽ നിന്ന് പുറപ്പെട്ട
എമിറേറ്റ്സ് വിമാനത്തിൽ വെച്ച് യുവതിയുടെയും കുഞ്ഞിന്റെയും മുന്നിൽ അശ്ലീല പ്രദർശനം നടത്തിയെന്ന കേസിലാണ് നടപടി. മിഡിൽസ്ബ്രോയിലെ അബിംഗ്ഡൺ റോഡിൽ താമസിക്കുന്ന ബ്രിട്ടോ ലോറൻസ് (27) എന്നയാൾക്കാണ് ന്യൂകാസിൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
18 മാസത്തെ കമ്മ്യൂണിറ്റി ഓർഡറും 150 മണിക്കൂർ സൗജന്യ സാമൂഹിക സേവനവുമാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതിനുപുറമെ, കോടതിച്ചെലവായും ഇരയായ വ്യക്തിക്കുള്ള നഷ്ടപരിഹാരവുമായി 914 പൗണ്ട് (ഏകദേശം ലക്ഷത്തോളം രൂപ) ഒടുക്കാനും ഉത്തരവായിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂൺ 2-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിൽ നിന്ന് ന്യൂകാസിലിലേക്ക് യാത്ര ചെയ്യുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിൽ പരാതിക്കാരിയായ യുവതിക്കും മകനും സമീപത്തുള്ള സീറ്റിലായിരുന്നു ബ്രിട്ടോ ലോറൻസ് ഇരുന്നിരുന്നത്.
യാത്രയ്ക്കിടെ കുഞ്ഞിന് ഭക്ഷണം നൽകാൻ യുവതി തയ്യാറെടുത്ത സമയത്ത്, മടിയിൽ തലയിണയും പുതപ്പും വെച്ച് ഇയാൾ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുകയായിരുന്നു. പെട്ടെന്ന് ഭയന്നുപോയെങ്കിലും കുട്ടി പരിഭ്രാന്തനാകാതിരിക്കാൻ സമചിത്തത കൈവിടാതെ യുവതി ഉടൻ തന്നെ വിമാനത്തിലെ ക്യാബിൻ ക്രൂവിനെ വിവരമറിയിച്ചു.
തുടർന്ന് ന്യൂകാസിൽ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ യുകെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ച ബ്രിട്ടോ ലോറൻസ്, മേയ് മാസത്തിൽ വിചാരണ ആരംഭിച്ച ദിവസമാണ് കുറ്റം സമ്മതിച്ചത്.
എന്നാൽ പിന്നീട് താൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്ന് കാട്ടി നൽകിയ ഹർജി തിരുത്താൻ വീണ്ടും അപേക്ഷ നൽകിയെങ്കിലും കോടതി ഇത് തള്ളിക്കളഞ്ഞു. തുടർന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കേറ്റ് മീക്ക് പ്രതിക്ക് ശിക്ഷ വിധിച്ച് ഉത്തരവിറക്കുകയായിരുന്നു.
“വിമാനത്തിനുള്ളിൽ വെച്ചാണ് ഈ ക്രൂരത നടന്നത് എന്നത് കേസിന്റെ ഗുരുതരാവസ്ഥ വർധിപ്പിക്കുന്നു. പ്രതിയുടെ ഈ പ്രവൃത്തി ഒഴിവാക്കി മാറിനിൽക്കാൻ മറ്റ് യാത്രക്കാർക്ക് സാധിക്കുമായിരുന്നില്ല.
തൊട്ടടുത്ത് ഒരു ചെറിയ കുട്ടിയുണ്ടെന്ന പരിഗണന പോലും നൽകിയില്ല.” – ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി വ്യക്തമാക്കി. ടീസൈഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ബ്രിട്ടോ ലോറൻസ്, യുകെയിൽ വർക്ക് വിസയിൽ ഒരു കഫേയുടെ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

