കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മലാപ്പറമ്പ് ജംക്ഷനിൽ യാത്രാക്കുഴപ്പം രൂക്ഷമാകുന്നു. മാനാഞ്ചിറ–മലാപ്പറമ്പ് നാലുവരിപ്പാതയടക്കം ആറു ഭാഗങ്ങളിൽ നിന്നായി 12 റോഡുകൾ സംഗമിക്കുന്ന ഈ പ്രദേശത്ത് മേൽപ്പാലം വന്നതോടുകൂടി വാഹനയാത്രക്കാർ വലിയ ആശയക്കുഴപ്പത്തിലാണ് പെട്ടിരിക്കുന്നത്.
വെള്ളിമാടുകുന്ന് ഭാഗത്തു നിന്നു വരുന്നവർക്കു ടൗണിലേക്ക് ഏതുവഴി, ദേശീയപാതയിലെ വെങ്ങളം ഭാഗത്തേക്ക് ഏതു വഴി, രാമനാട്ടുകര ഭാഗത്തേക്ക് ഏതു വഴി എന്നിങ്ങനെ പോകുന്നു ആശയക്കുഴപ്പം. മെഡിക്കൽ കോളജിനെയും മലാപ്പറമ്പ് ജംക്ഷനെയും ബന്ധിപ്പിച്ചിരുന്ന ഗോൾഫ് ലിങ്ക് റോഡ്, ദേശീയപാത വന്നതോടെ മുറിഞ്ഞുപോയിരുന്നു.
ഈ റൂട്ടിലെ ബസുകളും സർവീസ് റോഡ് വഴി ഇതേ ജംക്ഷനിലേക്കു വന്നതോടെ ഗതാഗതക്കുഴപ്പവും വാഹനപ്പെരുപ്പവും ഇവിടെ സ്ഥിരമായി മാറി. പ്രധാന പ്രശ്നങ്ങൾ ഇവയാണ്: ∙ വ്യക്തവും ഏകോപിതവുമായ ഗതാഗത നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാൽ പല ദിശകളിൽ നിന്നുള്ള വാഹനങ്ങൾ വ്യക്തമായ മുൻഗണനാ ക്രമമില്ലാതെ ജംക്ഷന്റെ മധ്യഭാഗത്തേക്കു പ്രവേശിക്കുകയും കുരുക്കുണ്ടാകുകയും ചെയ്യുന്നു.
വയനാട് റോഡിലെ വാഹനങ്ങൾക്കു മുൻഗണന സ്ഥിരമായി ലഭിക്കുന്നില്ല. ∙ പ്രായോഗിക ശേഷിയെക്കാൾ വളരെ കൂടുതലാണു നിലവിലെ വാഹനങ്ങളുടെ എണ്ണം.
ചില സമയങ്ങളിൽ സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് ഏകദേശം 700 മുതൽ 800 മീറ്റർ വരെ വാഹനനിര നീളുന്നു. ഇത് ഇഖ്റ ആശുപത്രിയിലേക്കുള്ള പ്രവേശനത്തെയും ആംബുലൻസുകളുടെയും മറ്റ് അടിയന്തര വാഹനങ്ങളുടെയും സഞ്ചാരത്തെ ബാധിക്കുന്നു.
∙ ഇടുങ്ങിയ ടുവേ സർവീസ് റോഡുകളിലൂടെ ബസുകൾ അടക്കമുള്ള ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നു. എതിർദിശകളിൽ വരുന്ന വലിയ വാഹനങ്ങൾക്കു സുരക്ഷിതമായും തടസ്സമില്ലാതെയും കടന്നുപോകാൻ ആവശ്യമായ വീതി പല ഭാഗങ്ങളിലും ഇല്ല.
∙ സർവീസ് റോഡുകളിലെ ടുവേ ഗതാഗതം കാരണം റൈറ്റ് ടേണുകളും യു-ടേണുകളും ഒട്ടേറെ തിരിവ് ചലനങ്ങളും ഒരേ മേഖലയിലാണു നടക്കുന്നത്. ടേണിങ് പോക്കറ്റുകൾ, സംരക്ഷിത ക്രമീകരണങ്ങൾ എന്നിവ നിലവിലില്ല.
കിഴക്കുഭാഗത്തെ സർവീസ് റോഡിൽ നിന്നുള്ള ഫ്രീ ലെഫ്റ്റ് വാഹനങ്ങളും പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിൽ നിന്നുള്ള വാഹനങ്ങളും മുഖാമുഖം വരുന്നു. ∙ മരങ്ങളും വൈദ്യുതി പോസ്റ്റുകളും റോഡിന്റെ വീതി ഗണ്യമായി കുറയ്ക്കുന്നു.
ജംക്ഷന്റെ മധ്യഭാഗത്ത് വിശാലമായ സ്ഥലം ലഭ്യമാണെങ്കിലും ലെയിൻ സംവിധാനമോ വാഹന പാതകളോ ഇല്ല. റോഡ് ഉപരിതലം നിരപ്പില്ലാത്തതും ബുദ്ധിമുട്ടുണ്ടാകുന്നു.
∙ സ്റ്റോപ് ലൈൻ, ലെയിൻ മാർക്കിങ്, വ്യക്തമായ വാഹന മാർഗനിർദേശം എന്നിവയുടെ അഭാവം യാത്രാക്ലേശം ഇരട്ടിയാക്കുന്നു. ∙ ഫ്ലോറിക്കൻ റോഡിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങൾ പലപ്പോഴും പെട്ടെന്നു തിരിയുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
∙ ഫ്രീ ലെഫ്റ്റിനായി റോഡ് ഷോൾഡറും സ്ഥാപനങ്ങളുടെ മുന്നിലെ സ്ഥലവും ഉപയോഗിക്കേണ്ട സ്ഥിതിയാണ്.
∙ കാൽനടയാത്രക്കാർക്കായി യാതൊരുവിധ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

