കോഴിക്കോട് ജില്ലയിലെ വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പ്രദേശത്ത് രൂപപ്പെട്ട
വൻ പ്രതിഷേധം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞുവെച്ചിരുന്ന ഡിഎഫ്ഒയെ ശനിയാഴ്ച രാത്രി വൈകിയാണ് നാട്ടുകാർ മോചിപ്പിച്ചത്.
സംഭവസ്ഥലത്ത് കെഎം അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം തൽക്കാലത്തേക്ക് പിൻവലിക്കാൻ തീരുമാനമായത്. നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് ഞായറാഴ്ച ജില്ലാ കളക്ടറുമായി ഔദ്യോഗിക ചർച്ച നടത്തും.
ഈ ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സമരം വീണ്ടും ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിൽ ആണ് കാട്ടുപോത്തിന്റെ ക്രൂരമായ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്. വനംവകുപ്പ് ജീവനക്കാർക്കൊപ്പം കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ ശക്തമായ അമർഷമുണ്ടായി.
ഇതിന്റെ തുടർച്ചയായാണ് ഡിഎഫ്ഒയെയും മറ്റ് വനംവകുപ്പ് ജീവനക്കാരെയും നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ചത്. സുനിലിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ശനിയാഴ്ച വൈകിട്ടോടെ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി.
സംസ്കാര ചടങ്ങുകൾ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

