അയോധ്യയിലെ ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്ത കാണിക്ക പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ തുക വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതികൾ ഇത്തരം നിക്ഷേപങ്ങൾ നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെയും ഇവരുടെ ബന്ധുക്കളുടെയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. പ്രതികളായ അവിനാശ് ശുക്ല, അനുകൽപ് മിശ്ര എന്നിവരെ രണ്ട് ദിവസമായി പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
കാണിക്കയായി ലഭിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചതിന് പുറമെ, പലിശയ്ക്കും നൽകിയിരുന്നതായി അനുകൽപ് മിശ്ര വെളിപ്പെടുത്തി. നിയമവിരുദ്ധമായി സമ്പാദിച്ച തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വസതികളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. അതേസമയം, കേസന്വേഷണം നിലവിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ മാത്രം ഒതുങ്ങുമെന്ന സൂചനയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയത്.
കാണിക്ക എണ്ണുന്നതിനായി നിയോഗിക്കപ്പെട്ട 150 ജീവനക്കാരിൽ എട്ടുപേർ മാത്രമാണ് നിലവിൽ പ്രതിപ്പട്ടികയിലുള്ളത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ട്രസ്റ്റ് നേതൃനിരയിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മറുഭാഗത്ത്, ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാക്കൾ തെളിവുകൾ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം അവർക്കെതിരെ കേസെടുക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
എന്നാൽ, തങ്ങൾ നൽകിയ പരാതികളിൽ നടപടി സ്വീകരിക്കാതെ മറിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ബദരിനാഥ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേത്ര സമിതി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റ് പ്രമോദ് നൊത്യാലിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ജോഷിമഠിലെ ക്ഷേത്രത്തിലും ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കൂടുതൽ ജീവനക്കാരും ചെയർമാനും നിലവിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

