സംസ്ഥാനത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കൊടി അടക്കമുള്ള പ്രചാരണ സാമഗ്രികൾ വാങ്ങിയതിൽ ക്രമക്കേട് നടന്നതായാണ് സൂചന. പാർട്ടിക്ക് കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടിൽ 12 കോടി രൂപയുടെ കണക്കുകൾ വ്യക്തമല്ലെന്ന് ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം.
വിഷയത്തിൽ ഓഡിറ്റ് സംഘം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ക്രമക്കേടുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ അദ്ദേഹത്തിന് കൈമാറിയതായാണ് ലഭ്യമാകുന്ന വിവരം.
ഫണ്ട് തിരിമറി നടന്നതായി കണ്ടെത്തിയ തുക തിരിച്ചുപിടിക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായും സൂചനകളുണ്ട്. എന്നാൽ, ഔദ്യോഗികമായി ഇതുവരെയും ഇത്തരം നടപടികൾ പാർട്ടി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, നേതൃത്വത്തിനെതിരെ നടപടികൾ സ്വീകരിച്ചെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ബിജെപി സംസ്ഥാന നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില കേന്ദ്രങ്ങൾ ബോധപൂർവ്വം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് അവർ ആരോപിച്ചു.
നിലവിൽ വിദേശത്തുള്ള രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തിയ ശേഷം ഇതുസംബന്ധിച്ച കൃത്യമായ മറുപടിയും വിശദീകരണവും നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

