കോർപ്പറേറ്റ് മേഖലയിലെ തൊഴിൽ വെട്ടിച്ചുരുക്കലുകളും മുതിർന്ന ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധികളും വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. ഇൻഷുറൻസ് രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം തൊഴിൽ നഷ്ടപ്പെട്ട
56-കാരനായ മനോജ് എന്ന വ്യക്തിയുടെ ജീവിതാനുഭവം സംരംഭകനായ കിരൺ വർമ്മ പങ്കുവെച്ചതിലൂടെയാണ് ഈ വിഷയം ചർച്ചയായത്. നോയിഡയിൽ വെച്ച് 40 രൂപ നിരക്കിൽ അടിയന്തരമായി ഒരു കത്ത് അയക്കുന്നതിനായി ഡെലിവറി ആപ്പ് വഴി ബുക്ക് ചെയ്തപ്പോഴാണ് കിരൺ വർമ്മ മനോജിനെ കണ്ടുമുട്ടുന്നത്.
കത്ത് വാങ്ങാനെത്തിയ മനോജിന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം മനോജിനെ കൂടുതൽ വിവരങ്ങൾ അറിയാനായി അകത്തേക്ക് ക്ഷണിച്ചു. സംസാരത്തിനിടെ, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിൽ 14 വർഷക്കാലം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് താനെന്ന് മനോജ് വെളിപ്പെടുത്തി.
എന്നാൽ, 2023-ൽ കമ്പനിയിൽ നടന്ന വൻതോതിലുള്ള പിരിച്ചുവിടലുകൾക്കിടെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയായിരുന്നു. തന്റെ തൊഴിൽ നഷ്ടത്തെക്കുറിച്ച് മനോജ് നൽകിയ വിശദീകരണം ഏറെ ശ്രദ്ധേയമായി: ‘കറി വെക്കുമ്പോൾ നമ്മൾ ആദ്യം ചട്ടിയിലേക്ക് ഇടുന്നത് കറിവേപ്പിലയാണ്.
എന്നാൽ, കറി കൂട്ടി ചോറുണ്ണാൻ ഇരിക്കുമ്പോൾ നമ്മൾ ആദ്യം എടുത്തു മാറ്റുന്നതും ഇതേ കറിവേപ്പില തന്നെയാണ്’. പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണം മറ്റ് തൊഴിലവസരങ്ങൾ നിഷേധിക്കപ്പെട്ടതോടെയാണ് കുടുംബം പോറ്റാൻ ഈ പ്രായത്തിലും അദ്ദേഹം ഡെലിവറി ബോയിയായി ജോലി ചെയ്യാൻ നിർബന്ധിതനായത്.
‘ഇന്ന് ഒട്ടും പണിയുണ്ടായിരുന്നില്ല, ഒരു ഡെലിവറി എങ്കിലും കിട്ടാൻ കാത്തിരിക്കുകയായിരുന്നു’ എന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ തന്നെ വല്ലാതെ സ്പർശിച്ചതായി കിരൺ വർമ്മ കുറിച്ചു. മനോജിന്റെ അവസ്ഥയെക്കുറിച്ച് അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി: ‘നമ്മൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുമ്പോഴും, അതിന് കൊള്ളില്ലെന്ന് ജീവിതം നമ്മളോട് പറയുന്ന അവസ്ഥയാണ് ഏറ്റവും കഠിനമായ കാര്യം’.
മനോജിന് സാമ്പത്തിക സഹായം നൽകിയ ശേഷം യാത്രയാക്കിയ കിരൺ വർമ്മ, ഈ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ ചർച്ചകൾക്കാണ് തുടക്കമായത്. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയ ഡെലിവറി കമ്പനി, തങ്ങളുടെ ജീവനക്കാരന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ചതിനും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചതിനും കിരൺ വർമ്മയ്ക്ക് നന്ദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

