തിരുവനന്തപുരം: ദേശീയപാതയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വൺവേയിലൂടെ സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ച സംഭവത്തിൽ രണ്ട് കെഎസ്ആർടിസി ജീവനക്കാരെ സർവീസിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തു. ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു.
സംഭവത്തിൽ തുടരന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നെയ്യാറ്റിൻകര യൂണിറ്റിലെ KS-600 സൂപ്പർഫാസ്റ്റ് ബസ്, നെയ്യാറ്റിൻകരയിൽ നിന്നും കണ്ണൂരിലേക്കുള്ള സർവീസിനിടെയാണ് കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം നിയമലംഘനം നടത്തിയത്. ബസ് വൺവേയിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററോളം തിരികെ ഓടിച്ചതായാണ് റിപ്പോർട്ട്.
തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് പ്രവേശിച്ച ബസ്, ടോൾ പ്ലാസയിൽ എത്തിയപ്പോൾ പണമില്ലാത്തതിനെ തുടർന്ന് തിരികെ ഓടിക്കുകയായിരുന്നു. ഈ സമയത്ത് മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടായതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ടോൾ പ്ലാസയിലെ തർക്കത്തെ തുടർന്നാണ് ബസ് തിരികെ ഓടിച്ചതെന്ന് ജീവനക്കാർ വാദിക്കുന്നുണ്ടെങ്കിലും, ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ.
ഈ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിനും പോലീസിനും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ സിഎംഡി പ്രമോജ് ശങ്കർ നടത്തിയ പ്രതികരണം ഇങ്ങനെ: “യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് കെഎസ്ആർടിസി പരമപ്രാധാന്യം നൽകുന്നത്.
റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമലംഘനവും അംഗീകരിക്കില്ല.
ഇനിയും ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികൾ ആവർത്തിച്ചാൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും കെഎസ്ആർടിസി സിഎംഡി പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

