എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മകൾക്ക് സമൻസ് അയച്ച നടപടിയെ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.
കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സംഭവത്തെക്കുറിച്ച് കെ കെ ശൈലജയുടെ പ്രതികരണം ഇങ്ങനെ: ‘‘സമൻസ് വരട്ടെ.
അതിന്റെ രേഖകളൊക്കെ അവർ ഹാജരാക്കും. ഇത് കാര്യമില്ലാത്ത കാര്യമാണെന്ന് കാണുമ്പോൾ അന്വേഷണം തെറ്റായിപ്പോയി എന്ന് അന്വേഷണ ഏജൻസി പറയണം.
കേസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് മകളുമായി ബന്ധപ്പെട്ട കാര്യമാണ്.
അവർ അതിന് മറുപടി പറഞ്ഞു കഴിഞ്ഞുവെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവിന്റെ മകൾക്കെതിരെ മാത്രമല്ല, ഇന്ത്യയിലുടനീളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നു.
ബംഗാൾ മുഖ്യമന്ത്രിയായ സുവേന്ദു അധികാരി തൃണമൂലിലുണ്ടായിരുന്ന കാലത്ത് ഇ.ഡി പിന്തുടർന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി.
അദ്ദേഹം വേഗം കൂറുമാറി ബിജെപിയിൽ ചേർന്നപ്പോൾ ഇ.ഡിയുമില്ല, കേന്ദ്ര ഏജൻസികളുമില്ല. ഒരാൾ മാത്രമല്ല, ഒരുപാട് ആളുകളുണ്ട് ഇങ്ങനെ, ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നത്.
കരുവന്നൂർ ബാങ്കിന്റെ പ്രശ്നത്തിൽ കെ. രാധാകൃഷ്ണൻ എംപി അടക്കമുള്ള ആളുകൾക്കെതിെരയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്’’.
കെഎസ്ആർടിസിയിലെ സൗജന്യ യാത്ര സംബന്ധിച്ചും അവർ നിലപാട് വ്യക്തമാക്കി. ‘‘കെഎസ്ആർടിസിയിൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ചാൽ അതിനെ സ്വാഗതം ചെയ്യും.
തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ കെഎസ്ആർടിസിയിലും സമ്പൂർണമായി സൗജന്യ യാത്ര എന്നു പറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയപ്പോൾ ഓഡിനറിയിലേ കയറാൻ പാടുള്ളു എന്ന് പറയുന്നതും ശരിയല്ല. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പറഞ്ഞതുപോലെ എല്ലാ കെഎസ്ആർടിസിയിലും സൗജന്യ യാത്ര നൽകണം.
എൽഡിഎഫ് നടപ്പിലാക്കാൻ കഴിയുന്നതെ പറയൂ’’– കെ കെ ശൈലജ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

