പ്രശസ്ത ഹൊറർ ചിത്രമായ ഓർഫൻ (Orphan) സിനിമയിലെ കഥയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള തട്ടിപ്പാണ് ബ്രസീലിൽ നിന്നും പുറത്തുവരുന്നത്. 12 വയസ്സുള്ള ഓട്ടിസം ബാധിച്ച അനാഥ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ 37 വയസ്സുകാരിയാണ് നിയമനടപടികൾ നേരിടുന്നത്.
അമാൻഡ മരിയ സൂസ ഡി ഒലിവേര എന്ന യുവതിയാണ് ഈ തട്ടിപ്പിന് പിന്നിൽ. കഴിഞ്ഞ 14 മാസമായി ഈ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു അമാൻഡ.
നിയമപരമായി പെൺകുട്ടിയെ ദത്തെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ യഥാർത്ഥത്തിൽ 37 വയസ്സുള്ള മുതിർന്ന സ്ത്രീയാണെന്ന ഞെട്ടിക്കുന്ന സത്യം പുറത്തറിയുന്നത്. കുട്ടിയുടെ പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കാൻ കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് യാഥാർത്ഥ്യം വെളിപ്പെട്ടത്.
വിശ്വാസവും സഹതാപവും നേടുന്നതിനായി ചർച്ച് ഗ്രൂപ്പുകളെയും വോളന്റിയർ നെറ്റ്വർക്കുകളെയും അമാൻഡ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയിരുന്നു. താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാണെന്ന് വരുത്തിതീർക്കാൻ സ്വന്തം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയും അവ കുടുംബത്തെ കാണിക്കുകയും ചെയ്തു.
എന്നാൽ, ദത്തെടുക്കാൻ തീരുമാനിച്ച കുടുംബത്തിലെ ഒരു ബന്ധു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടത്തിയ അന്വേഷണമാണ് ഈ യുവതിയുടെ ചരിത്രം വെളിപ്പെടുത്തിയത്. സമാനമായ രീതിയിൽ പലരെയും ഇവർ ഇരയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
നിലവിൽ അമാൻഡ മരിയ സൂസ ഡി ഒലിവേരക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ മാനസികാരോഗ്യം പരിശോധിക്കാനും അധികൃതർ ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

