ശബരിമല ദർശനം എട്ടു വർഷമായി ഒഴിവാക്കിയിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്.അഖിൽ വീണ്ടും മല ചവിട്ടാൻ ഒരുങ്ങുന്നു. 2018-ലെ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട
സംഭവവികാസങ്ങളിൽ മനംനൊന്താണ് താൻ ദർശനം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളെയും വികാരങ്ങളെയും സംരക്ഷിക്കുന്ന നിലപാടുള്ള കോൺഗ്രസ് അധികാരത്തിൽ എത്തുന്ന സാഹചര്യത്തിൽ മാത്രം വീണ്ടും ശബരിമല ദർശനം നടത്തുമെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് തന്റെ തീരുമാനം അദ്ദേഹം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ജൂൺ 8-ന് മാല ധരിച്ച് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
വ്രതം പൂർത്തിയാക്കി ജൂലൈ 18-ന് അദ്ദേഹം ശബരിമലയിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശരത് ചന്ദ്രപ്രസാദിനൊപ്പം ജെ.എസ്.അഖിലിന്റെ പേരും പരിഗണിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “2018-ൽ ശബരിമലയെ ചുറ്റിപ്പറ്റിയുണ്ടായ സ്ത്രീപ്രവേശന വിഷയവും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ഒരു അയ്യപ്പഭക്തൻ എന്ന നിലയിൽ എന്നെ മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ എട്ട് വർഷക്കാലമായി ഞാൻ ശബരിമല ദർശനത്തിന് പോയിരുന്നില്ല.
അന്നേ ഞാൻ മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു — വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്ന നിലപാടുള്ള കോൺഗ്രസ് അധികാരതലത്തിൽ എത്തുന്ന സാഹചര്യത്തിൽ വീണ്ടും ശബരിമലയിലേക്ക് പോകുമെന്ന്. ഇന്ന് ആ തീരുമാനം സാക്ഷാത്കരിക്കപ്പെടുകയാണ്.” “2026 ജൂൺ 8 ആയ ഇന്ന് ഞാൻ മാല ധരിച്ച് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിക്കുകയാണ്.
ജൂലൈ 18-ന് ശബരിമലയിലേക്ക് യാത്ര തിരുവാനും തീരുമാനിച്ചിരിക്കുന്നു. ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെയും ഭക്തിയോടെയും സ്വാമി അയ്യപ്പന്റെ അനുഗ്രഹം പ്രാർത്ഥിച്ചുകൊണ്ടുമാണ് ഈ വ്രതകാലത്തിലേക്ക് പ്രവേശിക്കുന്നത്.
ഈ വ്രതവും തീർത്ഥയാത്രയും പുതുജീവിതത്തിനും മനസ്സിലെ സംഘർഷങ്ങൾ മാറ്റി നിർത്തി മനഃശാന്തിക്ക് വഴിയൊരുക്കട്ടെ. സ്വാമിയേ ശരണം അയ്യപ്പാ”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

