തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുണ്ടായ കടുത്ത തർക്കവും സംഘർഷവും യോഗത്തെ അലങ്കോലപ്പെടുത്തി. ഭരണസ്തംഭനം ആരോപിച്ച് സിപിഎം, കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സഭയിൽ ബഹളമുണ്ടായത്.
സംഭവത്തിന്റെ തുടക്കം ഇങ്ങനെ:
കൗൺസിൽ രജിസ്റ്ററിൽ ഒപ്പിടാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതിനെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ, യുഡിഎഫ് കൗൺസിലർ ശബരീനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.
ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി ആരോപിച്ചപ്പോൾ, വനിതാ കൗൺസിലർമാരെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി യുഡിഎഫ് നേതൃത്വവും ആരോപണമുന്നയിച്ചു. മുൻപ് നടന്ന സംഘർഷങ്ങളിൽ പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഎം കൗൺസിലർമാരായ സിന്ധു, സിന്ധു ശശി, വീണ എന്നിവരെ ആംബുലൻസിലാണ് കോർപറേഷൻ വളപ്പിലെത്തിച്ചത്.
തുടർന്ന് വീൽചെയറിലാണ് ഇവരെ സഭയ്ക്കുള്ളിലേക്ക് കൊണ്ടുപോയത്. ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ.സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും തുടക്കം മുതൽ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
മേയർ വി.വി.രാജേഷ് കസേരയിൽ എത്തിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ, മറുഭാഗത്ത് ബിജെപി പ്രവർത്തകരും തിരിച്ചടിച്ചു.
ബഹളം രൂക്ഷമായതോടെ അഞ്ച് മിനിറ്റിനുള്ളിൽ മേയർ വി.വി.രാജേഷ് യോഗം നടപടികൾ പൂർത്തിയാക്കി പിരിച്ചുവിടുകയായിരുന്നു. സംഭവം സംബന്ധിച്ച് പ്രതിപക്ഷ കൗൺസിലർ എസ്.പി.
ദീപക് പ്രതികരിച്ചത് ഇങ്ങനെ: “ശുചിത്വപ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്, സുഗതൻ വിഷയം ചർച്ച ചെയ്യാൻ മേയർ തയാറായില്ല.” അതേസമയം, മിനിട്സിൽ ഒപ്പിടുന്നതിനിടെ ചെമ്പഴന്തി ഉദയൻ യുഡിഎഫ് വനിതാ അംഗങ്ങളെ അടക്കം ആക്രമിച്ചതായി കൗൺസിലർ ശബരീനാഥൻ ആരോപിച്ചു. കോർപറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

