എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ മുൻകൂർ അനുമതിയായ എൻ ഒ സി (NOC) ഒഴിവാക്കിയ നടപടിയെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്ത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടാണ് ഈ പുതിയ സർക്കുലർ പുറത്തിറക്കിയിട്ടുള്ളതെന്നും, കോഴ്സുകൾ ആരംഭിക്കുന്നതിലെ അനാവശ്യമായ കാലതാമസം ഇതുവഴി ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ മാത്രം നിലനിന്നിരുന്ന എൻ ഒ സി സമ്പ്രദായം ഒഴിവാക്കുന്നത് മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വയംഭരണ കോളേജുകൾക്ക് അമിതമായ ഇളവുകൾ അനുവദിച്ചു എന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി റോജി എം ജോൺ തള്ളിക്കളഞ്ഞു.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും, മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് സ്വയംഭരണ പദവി നൽകിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവേശനത്തിലെ മെറിറ്റ് അട്ടിമറിക്കപ്പെടില്ലെന്നും സംവരണ തത്വങ്ങൾ കർശനമായി പാലിക്കപ്പെടുമെന്നും വ്യക്തമാക്കിയ അദ്ദേഹം, സർക്കാരിന്റെ ഈ തീരുമാനം സർക്കാർ കോളേജുകളുടെ പ്രവർത്തനങ്ങളെ ഏതെങ്കിലും വിധത്തിൽ ബാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.
യു ജി സി (UGC) റെഗുലേഷൻ പ്രകാരം സ്വയംഭരണ കോളേജുകൾക്ക് പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാരിന്റെയോ സർവ്വകലാശാലയുടെയോ മുൻകൂർ അനുമതി ആവശ്യമില്ലെങ്കിലും, കേരളത്തിൽ സർവ്വകലാശാലയുടെ അനുമതി വേണമെന്ന നിബന്ധന നിലനിർത്തിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സർവ്വകലാശാലയുടെ കൃത്യമായ പരിശോധനയ്ക്കും ഔദ്യോഗിക അനുമതിക്കും ശേഷം വീണ്ടും സർക്കാരിന്റെ എൻ ഒ സി വാങ്ങേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
2014 ലും 2021 ലും നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി ആക്ടുകളിലെ എൻ ഒ സി സംബന്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഈ വിഷയം ആഴത്തിൽ പഠിക്കാതെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള എൻ ഒ സി ഒഴിവാക്കിയതും, മുൻപ് വർഷാവർഷം നൽകിയിരുന്ന അനുമതി ഇനി മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്ന ഇളവും വിദ്യാഭ്യാസ മേഖലയിലെ കച്ചവടവൽക്കരണത്തിന് വഴിയൊരുക്കുമെന്ന ആശങ്ക പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള അഴിമതി ആരോപണങ്ങൾ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ശീലം കൊണ്ടാകാം എന്ന് മന്ത്രി റോജി എം ജോൺ പരിഹസിച്ചു.
സർക്കാരിന്റെ പുതിയ ഇളവുകൾക്കെതിരെ എസ് എഫ് ഐ കൂടി പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നതോടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ പോരാട്ടം കടുക്കാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

