കൊച്ചുമകളുടെ വിവാഹം വേദാചാരപ്രകാരം നടത്തിയ സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ രംഗത്തെത്തി. ഈ വിഷയത്തെ ആരും രാഷ്ട്രീയവൽക്കരിക്കരുതെന്ന് അദ്ദേഹം പ്രത്യേകമായി അഭ്യർഥിച്ചു.
വേദാചാര പ്രകാരം വിവാഹം നടത്തണമെന്ന കൊച്ചുമകളുടെ ആഗ്രഹം നിറവേറ്റുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ കഴിഞ്ഞ നവംബർ ഒന്നിന് നിർമാതാവ് കണ്ണൻ രവിയുടെ മകൻ ദീപക് രവിയും ദുരൈമുരുഗന്റെ കൊച്ചുമകൾ സെന്താമരയും തമ്മിലുള്ള വിവാഹം നടന്നിരുന്നു.
മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രമുഖ ചലച്ചിത്ര താരങ്ങളായ ധനുഷ്, ശിവകാർത്തികേയൻ എന്നിവരടക്കം സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
എന്നാൽ വിവാഹച്ചടങ്ങിൽ വേദമന്ത്രോച്ചാരണങ്ങളും കർമങ്ങളും നടന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങളിൽ നിന്നുള്ള വ്യതിചലനമാണിതെന്ന് ചൂണ്ടിക്കാട്ടി ദ്രാവിഡർ കഴകം പ്രസിഡന്റ് കെ.
വീരമണി ദുരൈമുരുഗനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഡിഎംകെയുടെ ഈ നിലപാട് ഇരട്ടത്താപ്പാണെന്ന് ടിവികെ നേതാവും ധനമന്ത്രിയുമായ മേരി വിൽസണും കുറ്റപ്പെടുത്തിയിരുന്നു.
വിമർശനങ്ങൾ ശക്തമായതോടെയാണ് വിശദീകരണവുമായി ദുരൈമുരുഗൻ എത്തിയത്. ‘‘വിദേശത്ത് പഠിച്ച എന്റെ കൊച്ചുമകൾ മറ്റൊരു ജാതിയിൽപ്പെട്ട
ഒരാളുമായി പ്രണയത്തിലാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. വേദാചാരങ്ങൾ പാലിച്ച് വിവാഹം നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അവൾ എന്നെ അറിയിച്ചു.
അവളുടെ ആഗ്രഹപ്രകാരമാണ് അത്തരം ചടങ്ങുകളോടെ വിവാഹം നടത്തിയത്. കൊച്ചുമകളുടെ ഇഷ്ടം സാധിച്ചു കൊടുക്കുക മാത്രമാണ് ചെയ്തത്.
എന്നാൽ ഇപ്പോൾ ആ വിഷയത്തിൽ ഞാൻ ഖേദിക്കുന്നു’’– ദുരൈമുരുഗൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വിഷയത്തെ രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം ആവർത്തിച്ച് അഭ്യർഥിച്ചു.
പൊതുവേദികളിലും വിവാഹം പോലുള്ള സ്വകാര്യ ചടങ്ങിലും സംസ്കൃത മന്ത്രങ്ങളും വൈദിക ചടങ്ങുകളും നടത്തുന്നതിനെ പരമ്പരാഗതമായി എതിർക്കുന്ന പാർട്ടിയാണ് ഡിഎംകെ. സാമൂഹിക സമത്വത്തിന് ഊന്നൽ നൽകുന്നതും മതപരമായ ചടങ്ങുകളും ജാതി ആചാരങ്ങളും പൂർണമായി തള്ളിക്കളയുന്നതുമായ പെരിയാറിന്റെ ‘സ്വാഭിമാന വിവാഹ’ങ്ങളെയാണ് പാർട്ടി എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

