കോഴിക്കോട്: ഓമശ്ശേരി കല്ലുരുട്ടിയിൽ എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാ ധനസഹായ ഫണ്ട് സമാഹരണത്തിന് തിരിച്ചടിയായി സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ തികഞ്ഞെന്നും ഇനി ആരും പണം അയക്കരുതെന്നുമാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ഓഡിയോ സന്ദേശത്തിലുള്ളത്.
ഈ ദുഷ്പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകാൻ സഹായ സമിതി തീരുമാനിച്ചു. കുട്ടികളുടെ ജീവൻ രക്ഷിക്കാനായി ഇനിയും വലിയൊരു തുക ആവശ്യമാണെന്ന് സഹായ സമിതി വ്യക്തമാക്കി.
അടുത്ത 28 ദിവസത്തിനുള്ളിൽ 33 കോടി രൂപ ഇനിയും സമാഹരിക്കേണ്ടതുണ്ട്. 50 കോടി രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന പ്രത്യേക അക്കൗണ്ടാണ് ഇതിനായി തുറന്നിട്ടുള്ളതെന്നും, സംഭാവനകളുടെ കണക്കുകൾ എല്ലാ ദിവസവും കൃത്യമായി പ്രസിദ്ധീകരിക്കാറുണ്ടെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
ദിവസേന ഏകദേശം ഒരു കോടി രൂപ വരെ ലഭിച്ചുകൊണ്ടിരുന്ന അക്കൗണ്ടിലേക്ക് വ്യാജ പ്രചാരണത്തെ തുടർന്ന് ഇപ്പോൾ 31 ലക്ഷം രൂപ മാത്രമാണ് എത്തിച്ചേരുന്നത്. അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കേരളം മുഴുവൻ ഒറ്റക്കെട്ടായി ഒപ്പം നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.
ജനങ്ങളുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള വ്യാജ പ്രചാരണങ്ങളിൽ വീണുപോയേക്കരുതെന്ന് സഹായ സമിതി കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. കോഴിക്കോട് മുക്കത്തിനടുത്ത് കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ട്രിപ്പ്ലറ്റ് കുഞ്ഞുങ്ങളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരുടെ ജീൻ തെറാപ്പിക്കും തുടർചികിത്സയ്ക്കുമായി ആകെ 50 കോടി രൂപയാണ് ആവശ്യമുള്ളത്.
ഈ മൂന്ന് കുരുന്നുകളുടെയും ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനായി നാട്ടുകാരും വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഉൾക്കൊണ്ട് വിപുലമായ ജനകീയ കൂട്ടായ്മയാണ് രൂപീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

