ശബരിമല ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് ആവശ്യമായ സ്വീകരണവും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിലും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മണ്ഡല–മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീർഥാടകരുടെ സുരക്ഷയ്ക്കൊപ്പം ഡ്യൂട്ടിയിലുള്ള പൊലീസുദ്യോഗസ്ഥരുടെ ക്ഷേമവും മുൻനിർത്തി വിപുലമായ തയ്യാറെടുപ്പുകളാണ് ഇത്തവണ പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പൊലീസുകാരുടെ ലഗേജ് അലവൻസ് 300 രൂപയിൽ നിന്ന് 600 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ പ്രതിദിന മെസ് ഗ്രാന്റ് 90 രൂപയായും ഉയർത്തിയിട്ടുണ്ട്. ഈ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ ആകെ 3.60 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
സന്നിധാനത്ത് പുതിയൊരു മെസ് ആരംഭിക്കുന്നതിനുള്ള ഫണ്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ഘട്ടങ്ങളിൽ കുട്ടികൾ കൂട്ടംതെറ്റുന്നത് ഒഴിവാക്കാനും അവരെ വേഗത്തിൽ കണ്ടെത്താനും സഹായിക്കുന്നതിനായി കൈകളിൽ റിസ്റ്റ് ടാഗ് ഘടിപ്പിക്കുന്ന പദ്ധതിക്കായി 13 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി സാമൂഹ്യവിരുദ്ധരും കുറ്റവാളികളും കടന്നുകൂടാനുള്ള സാധ്യത തടയുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാണെന്നും നിലവിലെ പുരോഗതിയിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിലയ്ക്കലിലെ റോഡുകളുടെയും പാർക്കിങ് ഗ്രൗണ്ടിന്റെയും അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ദേവസ്വം ബോർഡിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിലയ്ക്കലിൽ 700 പൊലീസുകാർക്ക് ഒരേസമയം താമസിക്കാന് സൗകര്യമുള്ള പുതിയ ബാരക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

