തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് ഇനി മുന്നണി നേതൃത്വത്തിന് മുന്നിൽ യാതൊരുവിധ അപേക്ഷയുമായി പോകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധാരണ. വിഷയം ഉന്നയിച്ച് പാർട്ടി ഇനി അങ്ങോട്ട് ചർച്ചയ്ക്ക് തയ്യാറാകില്ലെന്നും, സിപിഐഎം മുൻകൈ എടുത്തു ക്ഷണിച്ചാൽ മാത്രം ചർച്ച മതിയെന്നുമാണ് പുതിയ തീരുമാനം.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നിയമസഭാകക്ഷി യോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനും സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനമായി. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയം സിപിഐ നേതൃത്വം വീണ്ടും ചർച്ചയ്ക്ക് എടുത്തത്.
സ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നില്ലെങ്കിലും, തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇനി അപേക്ഷയുമായി പോകേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഇനി പിന്നാലെ നടന്ന് പാർട്ടിക്ക് അഭിമാനക്ഷതം ഉണ്ടാക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
അതേസമയം, നിയമസഭാ കക്ഷി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും സഭാതലത്തിൽ മുന്നണിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളോടും ഇടപെടലുകളോടും പൂർണ്ണമായി സഹകരിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

