ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണ്ണായക നീക്കം.
ഇതുമായി ബന്ധപ്പെട്ട അഴിമതി തടയൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം ഉടൻ കൈക്കൊള്ളും.
മുൻ മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ട് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്.
അഴിമതി കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡിജിപിയും എസ്ഐടി തലവൻ പി വിജയനും തമ്മിൽ ഉന്നതതല ചർച്ചകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. വി അബ്ദുറഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു ഷറഫലി എന്നിവരെ പ്രതികളാക്കി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എസ്ഐടി ഉടൻ റിപ്പോർട്ട് സമർപ്പിക്കും.
വിവാദം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസമാണ് ഡിജിപിക്ക് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ മുഖ്യ ശുപാർശ.
മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും, ഔദ്യോഗിക വിദേശയാത്രകൾ വഴി സംസ്ഥാന സർക്കാരിന് യാതൊരുവിധ നേട്ടവും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വ്യക്തിഗത സ്റ്റാഫ് അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക കത്തിടപാടുകൾ സെക്രട്ടേറിയറ്റ് മാനുവലിന്റെ നഗ്നമായ ലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഒപ്പം, ഒരു പ്രത്യേക ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തുനൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഐടി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ പ്രത്യേകമായി കേസെടുക്കേണ്ടതിന്റെ ആവശ്യകത ഡിജിപി പരിശോധിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

