മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയില്‍ മധ്യവയസ്കനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. കോഴിക്കോട് കാളാണ്ടിത്താഴം സ്വദേശി ശ്രീജിത്ത് (46) ആണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് സ്വദേശിയായ അനീഷ് കുമാറും കുടുംബവും താമസിക്കുന്ന മെഡിക്കല്‍ കോളേജ് ഹൗസിംഗ് ബോര്‍ഡ് ഉന്നതിയിലെ കള്ളിവളപ്പില്‍ പുത്തന്‍വീട്ടിലേക്ക് ശ്രീജിത്ത് അതിക്രമിച്ചു കയറുകയായിരുന്നു.
തുടര്‍ന്ന് അനീഷ് കുമാറിനെ ഇയാള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആക്രമണത്തില്‍ അനീഷിന്റെ മൂക്കിന്റെ പാലം തകരുകയും വാരിയെല്ലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഇദ്ദേഹത്തിന്റെ കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അനീഷ് കുമാറിന്റെ മകന് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാളാണ്ടിത്താഴം വെച്ചാണ് പ്രതിയായ ശ്രീജിത്തിനെ പിടികൂടിയത്.
പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിന് ഇയാളുടെ പേരില്‍ മുന്‍പും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

