മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് അഴിമതിക്കേസിലെ സഹസ്ഥാപകനായ രവി ഉപ്പൽ ദുബായിൽ അറസ്റ്റിലായി. കേസിലെ മറ്റൊരു പ്രധാന പ്രതിയായ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി ഒരാഴ്ച തികയുന്നതിനു മുൻപാണ് രവി ഉപ്പൽ പിടിയിലാകുന്നത്.
യുഎഇ അധികൃതർ രവി ഉപ്പലിന്റെ അറസ്റ്റ് വിവരം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. എന്നിരുന്നാലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ചേർന്ന് ഉപ്പലിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
2023 ഒക്ടോബറിൽ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2023 ഡിസംബറിൽ ദുബായിൽ വച്ച് തടങ്കലിലായെങ്കിലും 45 ദിവസത്തിനു ശേഷം ഇയാൾ വിട്ടയക്കപ്പെടുകയായിരുന്നു.
ശതകോടികളുടെ ഹവാല ശൃംഖല നിയന്ത്രിച്ചിരുന്നത് രവി ഉപ്പലാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഛത്തീസ്ഗഡിലെ രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധം പുലർത്തിയിരുന്ന ഇയാൾ, ഹവാല ചാനലുകൾ വഴി കോടിക്കണക്കിനു രൂപ ഇന്ത്യയിലേക്ക് കടത്തിയതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
രവി ഉപ്പലുമായി ബന്ധപ്പെട്ട 21 കോടി രൂപയുടെ സ്വത്തുക്കൾ 2026 ജനുവരിയിൽ കണ്ടുകെട്ടിയിരുന്നു.
ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ രവി ഉപ്പലും സൗരഭ് ചന്ദ്രാകറും വാനുവാട്ടുവിലെ പാസ്പോർട്ടാണ് കൈവശം വച്ചിരിക്കുന്നത്. ഇന്ത്യൻ അന്വേഷണ ഏജൻസികളിൽ നിന്നും നിയമനടപടികളിൽ നിന്നും രക്ഷപ്പെടാനാണ് ഇവർ ഈ പാസ്പോർട്ട് ഉപയോഗിച്ചതെന്ന് ഇ.ഡി വ്യക്തമാക്കുന്നു.
വാനുവാട്ടുവുമായി ഇന്ത്യയ്ക്ക് നിലവിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ല. ഈ ഹവാല ശൃംഖലയുടെ പണമിടപാടുകളെക്കുറിച്ചും ഇതിന്റെ യഥാർഥ ഗുണഭോക്താക്കൾ ആരെല്ലാമാണെന്ന് കണ്ടെത്താനും രവി ഉപ്പലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് മസ്കത്തിൽ നിന്ന് പ്രത്യേക സിബിഐ സംഘം സൗരഭ് ചന്ദ്രാകറിനെ ഇന്ത്യയിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

