തൃശൂർ ജില്ലയിലെ ദേശീയപാത 66ലെ ഏക ടോൾ പ്ലാസയായ നാട്ടികയിൽ ടോൾ പിരിവ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറുന്നു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിൽക്കെ ടോൾ പിരിവ് നടപ്പാക്കുന്നതിനെതിരെയാണ് രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും രംഗത്തുവന്നിരിക്കുന്നത്.
പ്രധാന പാതയിലെ ചേറ്റുവ പാലം, വാടാനപ്പള്ളി ബൈപാസ്, എടമുട്ടം അപ്രോച്ച് റോഡുകൾ എന്നിവയുടെ പണികൾ ഇനിയും പൂർത്തിയായിട്ടില്ല. വാടാനപ്പള്ളിയിൽ ബൈപാസ് പാലത്തിന് ഇരുവശവും മണൽശോഷണം കണ്ടെത്തിയതിനെത്തുടർന്ന് അപ്രോച്ച് റോഡ് പൊളിച്ച് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് വീണ്ടും നിർമിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.
ചേറ്റുവ മുതൽ സർവീസ് റോഡുകളുടെ നിർമാണവും അനിശ്ചിതത്വത്തിലാണ്. സർവീസ് റോഡിന്റെ അലൈൻമെന്റ് മാറിയത് മൂലം ചേറ്റുവയിലെ നിർമാണം മാസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്.
സമീപത്ത് നിർമാണത്തിനായി എടുത്ത കുഴികൾ യാത്രക്കാർക്ക് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ചേറ്റുവ എംഇഎസ് ജംക്ഷനിൽ പുതിയ മേൽപാലം വേണമെന്ന ആവശ്യവും ശക്തമാണ്. ചന്തപ്പടിക്ക് പടിഞ്ഞാറ് സർവീസ് റോഡിന് സമീപം കാന നിർമാണത്തിനായി എടുത്ത കുഴികളും അപകടാവസ്ഥയിലാണ്.
ഇതിനുപുറമേ, പൊക്കുളങ്ങര, നാട്ടിക, വലപ്പാട് എന്നിവിടങ്ങളിൽ നടപ്പാലങ്ങളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. തളിക്കുളം കൊപ്രക്കളത്ത് മേൽപാലം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
തൃപ്രയാർ മേൽപാലത്തിലൂടെ ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിൽ പ്രവേശിക്കാൻ നാട്ടികയിൽ മാത്രമാണ് സൗകര്യമുള്ളത്. കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും സർവീസ് റോഡിലേക്ക് കടക്കാൻ ആവശ്യമായ സൗകര്യമില്ല.
വലപ്പാട് സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് അത്യാഹിത ഘട്ടങ്ങളിൽ രോഗികളെ എത്തിക്കുന്നതിനും ഇത് തടസ്സമാകുന്നുണ്ട്. നാട്ടികയിലെ ടോൾ നിരക്കുകൾ താഴെ പറയുന്നവയാണ്:
∙ കാർ, ജീപ്പ്, വാൻ ഉൾപ്പെടെ ലൈറ്റ് മോട്ടർ വാഹനങ്ങൾ: 120 രൂപ.
മടക്കയാത്ര അതേ ദിവസം തന്നെയെങ്കിൽ 180 രൂപ.
∙ മിനി ബസ് ഉൾപ്പെടെയുള്ള ചെറു വാണിജ്യ വാഹനങ്ങൾ: 195 രൂപ. മടക്കയാത്ര ഉൾപ്പെടെ 290 രൂപ.
∙ ബസിനും ട്രക്കിനും: 405 രൂപ.
മടക്കയാത്ര ഉൾപ്പെടെ 610 രൂപ.
∙ വ്യാവസായിക വാഹനങ്ങൾക്ക്: 445 രൂപ. മടക്കയാത്ര ഉൾപ്പെടെ 665 രൂപ.
∙ ഏഴും അതിൽ കൂടുതലും ആക്സിലുകളുള്ള വലിയ വാഹനങ്ങൾക്ക്: 775 രൂപ.
മടക്കയാത്ര ഉൾപ്പെടെ 1160 രൂപ.
∙ ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസം 360 രൂപ.
∙ മാസത്തേക്കുള്ള പാസ്: എടുക്കുന്ന തീയതി മുതൽ ഒരു മാസത്തേക്ക് ഇരു ഭാഗത്തേക്കുമായി 50 പ്രാവശ്യം ടോൾ കടന്നു പോകാം. എല്ലാത്തരം വാഹനങ്ങൾക്കും ഇത് ബാധകം.
∙ തൃശൂർ ജില്ലയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് 50% ശതമാനം ഇളവ് നൽകുമെന്നും അധികൃതർ പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഗീതാ ഗോപി എംഎൽഎ കലക്ടർ ശിഖ സുരേന്ദ്രന് കത്ത് നൽകി. യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ എൻഎച്ച് അധികൃതർ തയാറായിട്ടില്ലെന്നും അടിയന്തരമായി ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും കറ്റിൽ ആവശ്യപ്പെട്ടു.
ദേശീയപാത 66ലെ നിർമാണങ്ങൾ പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് നാട്ടിക പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. നാട്ടിക നിവാസികൾക്ക് ടോൾ സൗജന്യമാക്കാൻ കലക്ടറും എൻഎച്ച് അധികൃതരും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പി.വിനു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ.
ഷൗക്കത്തലി, പി.എം.സിദ്ദീഖ്, സീന ഉണ്ണിക്കൃഷ്ണൻ, സുബില പ്രസാദ് എന്നിവർ പ്രസംഗിച്ചു. ദേശീയപാത 66ൽ നാട്ടികയിൽ ആരംഭിക്കുന്ന ടോൾ പിരിവ് അന്യായമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽഖാദർ വ്യക്തമാക്കി.
നാട്ടിക ടോൾ പ്ലാസയിലേക്ക് സിപിഎം നടത്തിയ ജനകീയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ദേശീയപാത 66ന്റെ അവലോകന യോഗം വിളിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാട്ടിക ഏരിയ സെക്രട്ടറി എം.എ.ഹാരിസ് ബാബു അധ്യക്ഷത വഹിച്ചു. വി.കെ.ജ്യോതിപ്രകാശ്, കെ.എ.വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.
റോഡുകളും പാലങ്ങളും പൂർത്തിയാകാത്ത സാഹചര്യത്തിൽ തിടുക്കത്തിൽ ടോൾ പിരിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ അഭിപ്രായപ്പെട്ടു. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി.
ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി.സന്ദീപ് അധ്യക്ഷത വഹിച്ചു. ഗീതാ ഗോപി എംഎൽഎ, മണ്ഡലം സെക്രട്ടറി കെ.എം.കിഷോർ കുമാർ, എ.കെ അനിൽകുമാർ, ഷീന പറയങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.
നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചാൽ കോൺഗ്രസ് സമരം തുടങ്ങുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ മുന്നറിയിപ്പ് നൽകി. നാട്ടിക ടോൾ പ്ലാസയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.ഐ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
നൗഷാദ് ആറ്റുപറമ്പത്ത്, കെ.ദിലീപ് കുമാർ, എൻ.എസ്.അയൂബ്, സി. എം.നൗഷാദ്, ശോഭ സുബിൻ, പി.എം.സിദ്ദീഖ്, പി.എസ്.സുൾഫിക്കർ, പി.എസ്.സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ, എ.എൻ.
സിദ്ധപ്രസാദ്, ഗഫൂർ തളിക്കുളം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

