റെക്കോർഡ് മെഡൽനേട്ടം ലക്ഷ്യമിട്ട് ജപ്പാനിലേക്ക് തിരിക്കുന്ന ഇന്ത്യൻ സംഘത്തിന് വിജയാശംസകൾ നേർന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ന്യൂഡൽഹി അശോക ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഐഒഎ പ്രസിഡന്റ് പി.ടി.
ഉഷ, ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. അത്ലീറ്റുകളും ഒഫിഷ്യലുകളും ഉൾപ്പെടെ ആകെ 768 അംഗങ്ങളുള്ള വലിയ സംഘമാണ് ജപ്പാനിലേക്ക് യാത്ര തിരിക്കുന്നത്.
ഇതിൽ 503 അത്ലീറ്റുകളും 265 ഒഫിഷ്യലുകളും ഉൾപ്പെടുന്നു. ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളും ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് സംഘത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജപ്പാനിലെ ഐച്ചി– നഗോയ നഗരങ്ങളിലായി സെപ്റ്റംബർ 19 മുതലാണ് ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ ആരംഭിക്കുന്നത്. പ്രമുഖ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികളാണ് ഇത്തവണത്തെ ഇന്ത്യൻ സംഘത്തിൽ ഇടംനേടിയിട്ടുള്ളത്.
ഇതിൽ ഏറ്റവും കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുള്ളത് അത്ലറ്റിക്സ് ടീമിലാണ് (11 പേർ). കൂടാതെ, ഒഫിഷ്യലുകളുടെ വിഭാഗത്തിലും 16 മലയാളികൾ സാന്നിധ്യമറിയിക്കുന്നുണ്ട്.
മലയാളി ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ ഇന്ത്യൻ സംഘത്തിന്റെ ഡപ്യൂട്ടി ചെഫ് ഡെ മിഷനായും, പി.രാധാകൃഷ്ണൻ നായർ ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ചായും ചുമതല വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

