റിയാദിലെ ബത്ഹ ഫറസ്ദഖ് റോഡരികിൽ കുഴഞ്ഞുവീണ് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കവിള സ്വദേശി വിജയരാജ് ചെല്ലെൻറ (45) ഭൗതികശരീരം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ–പൽസി ദമ്പതികളുടെ മകനാണ് അദ്ദേഹം.
ഇഴിൽ പ്രഭയാണ് ഭാര്യ. ഷാരോൺ വിജയ്, ഷാന വിജയ് എന്നിവരാണ് മക്കൾ.
പതിനഞ്ച് ദിവസങ്ങൾക്ക് മുൻപ് റോഡിലൂടെ നടന്നുപോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസും അധികൃതരുമെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാല് വർഷം മുൻപ് നിർമാണ മേഖലയിലെ തൊഴിലാളിയായാണ് വിജയരാജ് റിയാദിലെത്തിയത്. മൂന്ന് വർഷത്തോളം ഈ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം മറ്റ് ജോലികളിലേക്ക് തിരിഞ്ഞത്.
ഇതിനിടയിൽ നാല് മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിൻ്റെ ഇഖാമയുടെ കാലാവധി അവസാനിച്ചിരുന്നു. കൂടാതെ, തൊഴിൽ ആവശ്യങ്ങൾക്കായി രണ്ട് ഇടങ്ങളിൽ നിന്നും കാർ വാടകയ്ക്ക് എടുത്ത വകയിൽ വലിയൊരു തുക നൽകാനുണ്ടായിരുന്നതിനാൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടുകയുണ്ടായി.
തുടർന്ന് കുടുംബത്തിൻ്റെ അപേക്ഷയെ തുടർന്ന് ഇന്ത്യൻ എംബസ്സിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിച്ചത്. നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കും ഏകോപനത്തിനും കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.

