മൂവാറ്റുപുഴ∙ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന പുതിയ ഗുണനിലവാര മാനദണ്ഡങ്ങൾ കേരളത്തിലെ തനത് പപ്പട നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
ദേശീയ തലത്തിൽ എല്ലാത്തരം പപ്പടങ്ങൾക്കും ഒരേ മാനദണ്ഡം നിശ്ചയിച്ചതാണ് സംസ്ഥാനത്തെ നിർമാതാക്കൾക്ക് തിരിച്ചടിയായിരിക്കുന്നത്. പുതിയ നിയമപ്രകാരം പപ്പടത്തിലെ ഈർപ്പത്തിന്റെ അളവ് 15 ശതമാനത്തിൽ കൂടുതൽ പാടില്ലെന്നാണ് വ്യവസ്ഥ.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിർമിക്കുന്ന അപ്പളങ്ങളിൽ നിന്നും ഉത്തരേന്ത്യൻ മസാല പപ്പടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ പപ്പടം. ഉയർന്ന അളവിൽ ഈർപ്പവും ജലാംശവും അടങ്ങിയിരിക്കുന്നതുകൊണ്ടാണ് കേരളത്തിലെ പപ്പടം എണ്ണയിൽ വറുക്കുമ്പോൾ തനതായ രീതിയിൽ കുമിളകളുണ്ടാകുന്നത്.
എന്നാൽ മറ്റ് ഇനങ്ങളിൽ ജലാംശം ഇല്ലാത്തതിനാൽ അവയ്ക്ക് ആയുസ്സ് കൂടുതലാണ്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഈർപ്പപരിധി സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണം നടത്തിയാൽ, കേരളത്തിലെ പപ്പടത്തിന്റെ പ്രധാന സവിശേഷതയായ കുമിളകൾ ഇല്ലാതാകുമെന്ന് കേരള പപ്പടം മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
പപ്പടത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുന്നുണ്ടെന്നും നിർമാതാക്കൾ ആരോപിക്കുന്നു. ഈ ഗുരുതരമായ പ്രതിസന്ധിയിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിക്കും ഫൂഡ് സേഫ്റ്റി സയന്റിഫിക് കമ്മിറ്റിക്കും ഉടൻ നിവേദനം സമർപ്പിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനീത് പ്രാരാത്ത് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

