അമേരിക്കയിൽ അഭയം തേടിയ ഇറാൻ പൗരന്മാരുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ഏജൻസികൾ ഇറാൻ ഭരണകൂടത്തിന് കൈമാറിയെന്നാരോപിച്ച് നിയമപോരാട്ടം ആരംഭിച്ചു. വാഷിംഗ്ടൺ ഡി.സിയിലെ ഫെഡറൽകോടതിയിൽ ഇറാനിയൻ അമേരിക്കൻ ലീഗൽ ഡിഫൻസ് ഫണ്ട്, പബ്ലിക് സിറ്റിസൺ ലിറ്റിഗേഷൻ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ട്രംപ് ഭരണകൂടത്തിനെതിരെ പരാതി സമർപ്പിച്ചത്.
മതപരിവർത്തനം നടത്തിയവർ, എൽ.ജി.ബി.ടി.ക്യു വിഭാഗത്തിൽപ്പെട്ടവർ, ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ തുടങ്ങിയവരാണ് ഇറാനിലെ വധശിക്ഷയോ പീഡനങ്ങളോ ഭയന്ന് യുഎസിൽ അഭയം തേടിയത്. ഇത്തരക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വ്യക്തിപരമായ രേഖകൾ ചോർന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
വിവരങ്ങൾ പങ്കുവെക്കുന്നത് തടയാൻ കോടതി അടിയന്തര ഇടപെടൽ നടത്തണമെന്നും ഈ നയം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. വിവരങ്ങൾ ചോർന്ന അഭയാർത്ഥികളെ കണ്ടെത്തി ഔദ്യോഗികമായി വിവരം അറിയിക്കണമെന്നും, വിഷയത്തിൽ അന്തിമതീരുമാനമാകും വരെ ആരെയും ഇറാനിലേക്ക് നാടുകടത്തരുതെന്നും ഇവർ കോടതിയിൽ ബോധിപ്പിച്ചു.
നിലവിലെ സാഹചര്യത്തിൽ ഈ വിവര ചോർച്ച അഭയാർത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവന് വലിയ ഭീഷണിയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) രംഗത്തെത്തി.
അഭയാർത്ഥികളുടെ രഹസ്യ രേഖകൾ ഇറാൻ ഭരണകൂടത്തിന് കൈമാറിയിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി. തടവിലാക്കപ്പെട്ട
വിദേശികൾക്ക് അവരുടെ രാജ്യത്തിന്റെ കോൺസുലർ പ്രതിനിധികളുമായി ആശയവിനിമയം നടത്താനുള്ള അവകാശം ഉറപ്പാക്കാൻ ഏജൻസി ബാധ്യസ്ഥരാണെന്നും, നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതെന്നും അധികൃതർ അറിയിച്ചു. തടവുകാരുടെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി യുഎസ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും, രാജ്യത്ത് അനധികൃതമായി തുടരുന്നവരെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ തുടർന്നും നാടുകടത്തുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

