കഴിഞ്ഞ പത്തു വർഷമായി സ്തംഭനാവസ്ഥയിലായിരുന്ന കോട്ടയത്തിന്റെ വികസന പ്രവർത്തനങ്ങൾ പുതിയൊരു പാതയിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയിലാണ് മണ്ഡലം. പ്രതിപക്ഷ എംഎൽഎ സ്ഥാനത്തുനിന്ന് നിയമസഭാ സ്പീക്കർ പദവിയിലേക്കുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വരവ് മണ്ഡലത്തിലെ നിർത്തിവെച്ച പദ്ധതികൾക്ക് ജീവൻ നൽകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
എൽഡിഎഫ് ഭരണകാലത്ത് തടസ്സപ്പെട്ട എട്ട് പ്രധാന പദ്ധതികളുടെ ഗതിയെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ആകാശപ്പാത പദ്ധതി
2015 നവംബറിൽ നാറ്റ്പാക്കിന്റെ ട്രാഫിക് വികസന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച ആകാശപ്പാതയുടെ നിർമാണം ഭരണമാറ്റത്തോടെ പൂർണമായും നിലച്ചു. 5.18 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതിയിൽ 2.16 കോടി രൂപ ചെലവഴിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
പദ്ധതി പൂർത്തീകരണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് 1.65 കോടി രൂപ അധികമായി അനുവദിക്കാമെന്ന് ഉറപ്പുനൽകിയിട്ടും നിർമാണം എങ്ങുമെത്തിയില്ല. കോടിമത രണ്ടാം പാലം
ഏറെ നീണ്ട
കാത്തിരിപ്പിനൊടുവിൽ കോടിമത രണ്ടാം പാലം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. 2014-ൽ കരാർ ഒപ്പിട്ടെങ്കിലും ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ കാരണം നിർമാണം മന്ദഗതിയിലാവുകയായിരുന്നു.
2017 ജൂണിൽ പൂർണ്ണമായി നിലച്ച പണി, തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിരന്തര ഇടപെടലുകളെത്തുടർന്ന് 2024 ജൂലൈയിൽ പുനരാരംഭിച്ചു. നിലവിൽ ടാറിങ് അടക്കമുള്ള അന്തിമഘട്ട
ജോലികൾ പൂർത്തിയായി വരുന്നു. മിനി സിവിൽ സ്റ്റേഷൻ അനക്സ്
യൂണിയൻ ക്ലബ് റോഡിലെ മിനി സിവിൽ സ്റ്റേഷൻ അനക്സിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
വർഷങ്ങൾക്ക് മുൻപ് നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ മൂന്നു നിലകളിലെ ബീമുകൾ മാത്രമാണ് ഉയർന്നു നിൽക്കുന്നത്. താലൂക്ക് ഓഫീസ്, ആർഡിഒ ഓഫീസ്, എക്സൈസ് സർക്കിൾ ഓഫീസ് തുടങ്ങി 13-ഓളം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ വളപ്പിൽ, പുതിയ കെട്ടിടം പൂർത്തിയാകാത്തത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
നട്ടാശേരി റഗുലേറ്റർ കം ഓവർബ്രിജ്
വേമ്പനാട് കായലിൽ നിന്നുള്ള ഉപ്പുവെള്ളം തടയുക എന്ന ലക്ഷ്യത്തോടെ 2015-ൽ തുടങ്ങിയ പദ്ധതിയാണിത്. വിജയപുരം പഞ്ചായത്തിനെയും കോട്ടയം നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലം എന്ന നിലയിലാണ് വിഭാവനം ചെയ്തതെങ്കിലും, നിലവിൽ ആറ് തൂണുകൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
ചിങ്ങവനം സ്പോർട്സ് കോളജ്
രാജ്യത്തെ ആദ്യത്തെ സ്പോർട്സ് കോളജ് എന്ന ലക്ഷ്യത്തോടെ 2016-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതിയായിരുന്നു ഇത്. ചിങ്ങവനം ടെസിൽ കമ്പനിയുടെ 11.50 ഏക്കർ സ്ഥലത്താണ് ഇത് വിഭാവനം ചെയ്തത്.
എന്നാൽ ഭരണമാറ്റത്തിന് ശേഷം ഈ സ്ഥലം കാടുപിടിച്ച് നശിച്ചു. കച്ചേരിക്കടവ് ടൂറിസം പദ്ധതി
2021-ൽ 8 കോടി രൂപ ചെലവഴിച്ച് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി ഈ പ്രദേശം മാറിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ: “പ്രളയരഹിത കോട്ടയമാണ് മുഖ്യ പദ്ധതി.
മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കും. കെകെ റോഡിലെയും എംസി റോഡിലെയും ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
നാട്ടകം – തിരുവാതുക്കൽ ബൈപാസിലെ കുറവുകൾ പരിഹരിക്കും. കഞ്ഞിക്കുഴി മേൽപാലവും നാഗമ്പടം നെഹ്റു സ്റ്റേഡിയം നവീകരണവും മുൻഗണനാ പട്ടികയിലുണ്ട്.
ശുദ്ധജല ക്ഷാമം പരിഹരിക്കും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

