സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ജാഗ്രത തുടരുകയാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള ഇത്തരം പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.
കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, എ.പി.ജെ.
അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
തിരുവനന്തപുരം ജില്ലയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അരുവിക്കര ഡാം തുറക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇന്ന് (08.06.2026) രാവിലെ 8 മണി മുതൽ ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി, ആകെ 80 സെന്റീമീറ്റർ തുറന്നു വെക്കും.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

