ഇന്ത്യാ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഇന്ന് ദില്ലിയിൽ നിർണായക യോഗം ചേരുന്നു. ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ 23 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ് സ്ഥിരീകരിച്ചു.
ചില പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ചേരുന്ന യോഗം, കോൺഗ്രസ് നേതൃത്വത്തിനെതിരായ ഘടകകക്ഷികളുടെ രൂക്ഷമായ വിമർശനങ്ങൾക്ക് വേദിയാകാനാണ് സാധ്യത.
പ്രത്യേകിച്ചും, കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ സി പി എം കടുത്ത അതൃപ്തി രേഖപ്പെടുത്തും. ഇത് സംബന്ധിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലയളവിൽ കേന്ദ്ര ഏജൻസിയായ ഇ ഡി എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ‘മോദി – പിണറായി ഡീൽ’ എന്ന പ്രചാരണം ഖർഗെയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഏറ്റെടുത്തത് ആസൂത്രിതമായ നീക്കമാണെന്ന് എം എ ബേബി കത്തിൽ കുറ്റപ്പെടുത്തി.
ഇന്നത്തെ യോഗത്തിൽ സി പി എം ജനറൽ സെക്രട്ടറിയോ പി ബി അംഗങ്ങളോ നേരിട്ട് പങ്കെടുക്കുന്നില്ല; പകരം ജോൺ ബ്രിട്ടാസ് എം പി പാർട്ടി പ്രതിനിധിയായി യോഗത്തിനെത്തും. അതേസമയം, ജാർഖണ്ഡിലെ രാജ്യസഭ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ ജെ എം എമ്മും തങ്ങളുടെ പ്രതിഷേധം യോഗത്തിൽ അറിയിക്കും.
സഖ്യത്തിലെ പ്രബല കക്ഷിയായ ഡി എം കെ യോഗത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി എം കെയുടെ പിന്മാറ്റം.
എങ്കിലും, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ സഖ്യത്തിന്റെ പോരാട്ടങ്ങൾക്ക് പിന്തുണ തുടരുമെന്ന് എം കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി എം കെ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

