കോഴിക്കോട് ജില്ലയിലെ നാദാപുരം പേരോട് പ്രവർത്തിക്കുന്ന ടയർ ഷോപ്പിൽ കാർ അലൈൻമെന്റ് വൈകിയെന്നാരോപിച്ച് ജീവനക്കാർക്ക് നേരെ ക്രൂരമായ ആക്രമണം. പാറക്കടവ് സ്വദേശിയായ അനസും സുഹൃത്തുക്കളും ചേർന്നാണ് കടയിലെ ജീവനക്കാരെ മർദിച്ചത്.
അക്രമത്തിൽ പരിക്കേറ്റ അഞ്ച് ജീവനക്കാരിൽ ഒരാളുടെ മൂക്കിന്റെ പാലം തകർന്നു. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാവിലെയാണ്.
കാറിന്റെ വീൽ അലൈൻമെന്റ് ചെയ്യുന്നതിനായി അനസ് പേരോടുള്ള ടയർ ഷോപ്പിലെത്തിയിരുന്നു. അലൈൻമെന്റ് നടപടികൾ പൂർത്തിയാക്കാൻ അല്പം സമയം വൈകിയെന്നാരോപിച്ച് ഇയാൾ കടയിലെ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് കടയിൽ നിന്ന് മടങ്ങിയ ഇയാൾ, പിന്നീട് സുഹൃത്തുക്കളുമായി തിരിച്ചെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. അക്രമത്തിൽ കടയിലെ അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ കണ്ണൂർ ചിറ്റാരിപ്പറന്പ് സ്വദേശിയായ സൗരവിന്റെ മൂക്കിന്റെ പാലം തകരുകയും പല്ലുകൾക്ക് ക്ഷതം സംഭവിക്കുകയും ചെയ്തു. നിലവിൽ സൗരവ് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ അനസ് ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

