നെയ്റോബി: യേശുവിനെ കാണിച്ചുനൽകാമെന്ന് അവകാശപ്പെട്ട് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പാസ്റ്റർക്ക് 200 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് തലവനായ പോൾ മക്കൻസിയെയാണ് കോടതി ശിക്ഷിച്ചത്.
യേശുവിനെ കാണാനായി ലോകം അവസാനിക്കുന്നതിന് മുമ്പ് മരണം വരെ ഉപവസിക്കാനാണ് പാസ്റ്റർ അനുയായികളോട് ആവശ്യപ്പെട്ടിരുന്നത്. കെനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയിൽ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തിയപ്പോഴാണ് ഈ ദാരുണ സംഭവം പുറംലോകമറിയുന്നത്.
ഇയാളുടെ ആരാധന സ്ഥലത്തിന് പരിസരത്തെ വനമേഖലയിൽ നടത്തിയ പരിശോധനയിൽ 400ലേറെ കുഴിമാടങ്ങളും കണ്ടെത്തിയിരുന്നു. മൊംബാസ ഹൈക്കോടതിയാണ് പോൾ മക്കെൻസിയെ 200 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.
ഇയാളുടെ നിർദ്ദേശം പാലിച്ച് 190 കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉൾപ്പെടെ 191 പേർ ദാരുണമായി മരണപ്പെട്ടിരുന്നു. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് ജസ്റ്റിസ് ഡയാന കവേദ്സ ശിക്ഷ വിധിച്ചത്.
കിഴക്കൻ കെനിയയിലെ ശാഖാഹോള വനത്തിൽ അഞ്ഞൂറിലധികം ആളുകളുടെ മൃതദേഹങ്ങൾ ആഴമില്ലാത്ത കുഴികളിൽ തള്ളിയ നിലയിലും ചിലത് ശ്വാസം മുട്ടിച്ചും മർദ്ദിച്ചും കൊല്ലപ്പെട്ട നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.
ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികൾ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവരെ ക്രൂരമായി മർദ്ദിക്കുകയും മുറികളിൽ പൂട്ടിയിട്ട് മരണത്തിന് വിട്ടുകൊടുക്കുകയുമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയിൽ തെളിയിച്ചു. 2017 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്ന മക്കെൻസി 2019ൽ തന്റെ പള്ളി അടച്ചുപൂട്ടിയതിനെ തുടർന്നാണ് അനുയായികളുമായി കാട്ടിലേക്ക് മാറിയത്.
പാസ്റ്ററാവുന്നതിന് മുൻപ് ടാക്സി ഡ്രൈവറായ മക്കെൻസി കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നതിനെയും എതിർത്തിരുന്നു. ഉപവാസം അനുഷ്ഠിക്കാനുള്ള നിർദ്ദേശത്തെ ആരെങ്കിലും എതിർത്താൽ അവരെ അടിച്ച് സ്വർഗത്തിലേക്ക് കൊണ്ടു പോകാനായിരുന്നു മക്കെൻസി അനുയായികൾക്ക് നൽകിയ നിർദ്ദേശം.
വനത്തിനുള്ളിലെ ആരാധനാക്രമത്തെ വിവാഹങ്ങൾ എന്നാണ് വിളിച്ചിരുന്നത്. 2003 -ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപിക്കുന്നത്.
അടുത്ത 16 വർഷത്തിനുള്ളിൽ, കെനിയയിലുടനീളമുള്ള സഭയുടെ ശാഖകളിലേക്ക് ആയിരക്കണക്കിന് അനുയായികളെ ആകർഷിക്കുന്ന തരത്തിൽ സഭ ജനപ്രീതി നേടി. മെക്കൻസിയുടെ സഭ ടൈംസ് ടിവി എന്ന പേരിൽ ഒരു ടെലിവിഷൻ സ്റ്റേഷൻ നടത്തിയിരുന്നു, മക്കെൻസിയുടെ പ്രസംഗങ്ങളാണ് പ്രധാനമായും പ്രക്ഷേപണം ചെയ്തിരുന്നത്.
വിദ്യാഭ്യാസത്തെ ‘തിന്മ’ എന്നും ആരോഗ്യ സംരക്ഷണത്തെ ‘സിദ്ധാന്തങ്ങൾക്ക് വിരുദ്ധം’ എന്നും ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളെ ‘പിശാചിന്റെ അടയാളം’എന്നും വിശേഷിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ മക്കെൻസിയുടെ പ്രഭാഷണങ്ങളിൽ ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

