ഇന്ത്യൻ സിനിമാലോകത്തിന്റെ സകലകലാവല്ലഭനായ ഇതിഹാസ താരം കമൽഹാസൻ ഇന്ന് തന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്നു. ആറാം വയസ്സിൽ ബാലതാരമായി ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്ന്, കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയുടെ വിവിധ തലങ്ങളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മറ്റൊരു താരം വേറെയില്ല.
അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, നിർമാതാവ് തുടങ്ങി സിനിമയുടെ സമസ്തമേഖലകളിലും തന്റെ സവിശേഷമായ കൈയൊപ്പ് പതിപ്പിക്കാൻ ഉലകനായകന് സാധിച്ചിട്ടുണ്ട്. ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ ആറാം വയസ്സിൽ ബാലതാരമായിട്ടായിരുന്നു തുടക്കം.
ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയത് ഭാവിയിലെ മഹാനടന്റെ വരവറിയിക്കുന്നതായിരുന്നു. അസാധാരണമായ നടനവൈഭവം, മികച്ച നർത്തകൻ, ആക്ഷൻ രംഗങ്ങളിലെ കൃത്യത എന്നിങ്ങനെ കമൽഹാസനെ മറ്റ് താരങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്ന ഘടകങ്ങൾ നിരവധിയാണ്.
അഭിനയസാഗരത്തിൽ പൂർണ്ണമായി അലിഞ്ഞുചേർന്ന പ്രതിഭയാണ് അദ്ദേഹം. ‘ഗുണ’, ‘അവ്വൈ ഷൺമുഖി’, ‘ഇന്ത്യൻ’, ‘ദശാവതാരം’, ‘വിശ്വരൂപം’ തുടങ്ങി എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചത്.
‘നായകൻ’, ‘മൂന്നാം പിറൈ’, ‘തേവർ മകൻ’, ‘അൻപേ ശിവം’, ‘വിക്രം’, ‘പാപനാശം’, ‘കൽക്കി 2898 എഡി’, ‘മൈക്കിൾ മദന കാമരാജൻ’, ‘പുഷ്പക വിമാന’, ‘വറുമയിൻ നിറം സിവപ്പ്’, ‘സാഗര സംഗമം’, ‘മദനോത്സവം’ തുടങ്ങിയ ചലച്ചിത്രങ്ങൾ കമൽഹാസൻ എന്ന അഭിനയപ്രതിഭയുടെ ആഴം നമ്മെ ബോധ്യപ്പെടുത്തുന്നവയാണ്. സിനിമയോടുള്ള അടങ്ങാത്ത പ്രണയവുമായി ഉലകനായകൻ ഇനിയും നിരവധി പതിറ്റാണ്ടുകൾ സജീവമായി തുടരണമെന്നാണ് ആരാധകരുടെ ലോകമെമ്പാടുമുള്ള പ്രാർത്ഥന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

