സ്വന്തം കാണികൾക്ക് മുന്നിൽ കഴിഞ്ഞ മത്സരത്തിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കരുത്തരായ ഫോഴ്സ കൊച്ചിക്കെതിരെ തകർപ്പൻ വിജയവുമായി മലപ്പുറം എഫ്സി. സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഏഴാം റൗണ്ടിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മലപ്പുറത്തിന്റെ ആധികാരിക ജയം.
ബോസ്നിയൻ താരം നദീം ഹാദ്സിച്ചി ഇരട്ടഗോളുകളിലൂടെ തിളങ്ങിയപ്പോൾ, മറ്റൊരു ഗോൾ നേടിയത് എൽഫോർസി ആണ്. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയൻ്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും 13 പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും തുടരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മലപ്പുറത്തിന് ആറാം മിനിറ്റിൽ തന്നെ സുവർണാവസരം ലഭിച്ചു. മധ്യനിരയിൽ നിന്നുള്ള ത്രൂബോൾ സ്വീകരിച്ച് കുതിച്ച നദീം ഹാദ്സിച്ചിന് അനായാസം സ്കോർ ചെയ്യാമായിരുന്നെങ്കിലും, പിന്നിൽ നിന്ന് വേഗത്തിലെത്തിയ ഡിഫണ്ടർ റെനാൻ റോച്ചയുടെ നിർണായക ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.
ഒടുവിൽ 14-ാം മിനിറ്റിൽ മലപ്പുറം മത്സരത്തിലെ ആദ്യ ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് എൽഫോർസി കൃത്യമായ പ്ലേസ്മെന്റിലൂടെ പോസ്റ്റിന്റെ കോർണറിലേക്ക് തൊടുത്തുവിട്ടു.
ഉയർന്നു ചാടിയ ഗോൾകീപ്പർ ദേബ്ജിത് മജുംദാറിന് അവസരം നൽകാതെ പന്ത് വലയിലെത്തി (1–0). തുടർന്ന് 27-ാം മിനിറ്റിൽ മലപ്പുറം ലീഡുയർത്തി.
ഗ്രെയ്സ് യൂമോവിന്റെ ലോങ് റേഞ്ചർ ക്രോസ് ബാറിലിടിച്ച് തിരിച്ചെത്തിയപ്പോൾ റീബൗണ്ടിനായി കൃത്യം പൊസിഷനിലുണ്ടായിരുന്ന നദീം ഹാദ്സിച്ച് ഹെഡറിലൂടെ ലക്ഷ്യം കണ്ടു (2–0). ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ലീഡുയർത്താൻ മലപ്പുറത്തിന് രണ്ട് സുവർണ അവസരങ്ങൾ കൂടി ലഭിച്ചെങ്കിലും എൽഫോർസിക്കും പൗളോ വിക്ടറിനും കൊച്ചി ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ അത് മുതലാക്കാനായില്ല.
രണ്ടാം പകുതിയിൽ കൊച്ചി നിരയിൽ ദിൽജിത്, പൗളോ ഹെൻറിക് എന്നിവർ പകരക്കാരായി കളത്തിലിറങ്ങി. അറുപതാം മിനിറ്റിൽ എലിറ്റൻ ജൂനിയർ എടുത്ത ഫ്രീകിക്ക് മലപ്പുറം പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.
പിന്നാലെ മഹ്ദിയെ പിൻവലിച്ച് മലപ്പുറം റിഷാദിനെ കളത്തിലിറക്കി. 74-ാം മിനിറ്റിൽ പൗളോ ഹെൻറിക്കിന്റെ ഗോളുറച്ച ഹെഡ്ഡർ മലപ്പുറം ഗോൾകീപ്പർ മുഹമ്മദ് അർബാസ് അതിവിദഗ്ദ്ധമായി രക്ഷപ്പെടുത്തി.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നിരന്തരം വന്ന കൊച്ചിയുടെ ആക്രമണങ്ങളെല്ലാം പ്രതിരോധിച്ച മലപ്പുറം, ഇഞ്ചുറി സമയത്ത് നദീം ഹാദ്സിച്ചിലൂടെ മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കി. ആകെ 15,189 കാണികളാണ് മത്സരം കാണാൻ ഗ്യാലറിയിലെത്തിയത്.
ഏഴാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ നവംബർ 7 ശനിയാഴ്ച തൃശൂർ മാജിക് എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സിയുമായി ഏറ്റുമുട്ടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു ഗോളിന് കണ്ണൂരിനായിരുന്നു വിജയം. സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഇഎ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല) എന്നീ പ്ലാറ്റ്ഫോമുകളിൽ മത്സരം തത്സമയം കാണാവുന്നതാണ്.
ടിക്കറ്റുകൾക്കായി https://www.superleaguekerala.com/tickets സന്ദർശിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

