എഴുത്തിടം. മികച്ച എഴുത്തുകൾക്ക് ഒരിടം.
നിങ്ങളുടെ സൃഷ്ടികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. ഒപ്പം ഫോട്ടോയും ഫോൺ നമ്പർ അടക്കം വിശദമായ വിലാസവും അയക്കണം.
എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുക്കുന്ന സൃഷ്ടികൾ പ്രസിദ്ധീകരിക്കും. ചോരക്കൂരിരുട്ട് മഴ വീണ്ടും വരുന്നതിനു മുമ്പേ വീട്ടിലേക്കെത്താമെന്ന് കരുതിയതാണെങ്കിലും കണക്കുകൂട്ടലുകൾ തെറ്റി. നേരം പുലർച്ചെ ആയതിനാൽ, മീൻ വണ്ടികൾ ഒഴിച്ചാൽ റോഡ് ഏറെക്കുറെ ശൂന്യമായിരുന്നു.
അതുകൊണ്ട് ആൽത്തറ വരെ പെട്ടെന്ന് എത്താൻ കഴിഞ്ഞു. അവിടെ നിന്നും വീട്ടിലേക്കെത്താൻ ഇനി കഷ്ടിച്ച് അഞ്ചുമിനിറ്റ് മതിയായിരുന്നു.
പക്ഷേ അപ്പോഴേക്കാണ് പെരുമഴ പെയ്തത്. ഇനിയങ്ങോട്ടുള്ള യാത്ര കുറച്ചു ദുഷ്കരമാണ്.
മഴയിൽ കുത്തിയൊലിച്ച് റോഡ് മുഴുവൻ ചാലുകീറിയിട്ടുണ്ട്. പകൽ പോലും സ്കൂട്ടർ യാത്ര അല്പം ബുദ്ധിമുട്ടാണ്.
എന്തായാലും ഇവിടംവരെ എത്തിയല്ലോ. അയാൾ സ്വയം സമാധാനിച്ചുകൊണ്ട് സ്കൂട്ടർ കെട്ടിടത്തിന്റെ ഓരം ചേർത്തുവെച്ച് വരാന്തയിലേക്ക് കയറി.
മെയിൻ റോഡിൽ നിന്നും വീട്ടിലേക്കു പോകുന്നവഴിയിൽ കിട്ടുന്ന ചെറിയൊരു ടൗണാണ് ആൽത്തറ. പഴയതും പുതിയതുമായ അഞ്ചാറ് കെട്ടിടങ്ങൾ ഉണ്ട്.
അതിനടുത്തായി നാടിന്റെ വെളുപ്പും കറുപ്പും വെളുപ്പിനുള്ളിലെ കറുപ്പും കണ്ടറിഞ്ഞ്, കാലങ്ങളായി തലമുറകളുടെ മൂകസാക്ഷിയായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു ആൽമരമുണ്ട്. അതിന്റെ ചോട്ടിൽ ഒത്തുകൂടാനും തണുത്ത കാറ്റേറ്റിരിക്കാനും നാട്ടുകാർ ചേർന്ന് ഒരു തറ കെട്ടിയിട്ടുണ്ട്.
അതൊരിക്കലും ആ നാടിന്റെ പേരായി പിന്നീട് മാറുമെന്ന് അന്നാരും കരുതിയിട്ടുണ്ടാവില്ല. ഏതു ചൂടിലും അവിടെയിരിക്കുമ്പോൾ നല്ല കാറ്റും തണുപ്പുമാണ്.
തറയുടെ കിഴക്കുഭാഗത്താണ് ആ കെട്ടിടം. നാട്ടിൻപുറത്തെ സംബന്ധിച്ച് ഒരു അലങ്കാരമെന്നു വേണമെങ്കിൽ പറയാമതിനെ.
നീളമുള്ള വരാന്തയിൽ ഷീറ്റ് പന്തലിട്ടതിനാൽ മഴയും വെയിലും കൊള്ളാതെ കയറി നിൽക്കാം. റോഡിനഭിമുഖമായി നിൽക്കുന്ന മൂന്നു മുറികളിൽ ചെറിയ സൂപ്പർമാർക്കറ്റ്.
വശങ്ങളിലെ വലിയ രണ്ടു മുറികളിൽ ഹോട്ടൽ. അതിനപ്പുറം ഒരു തയ്യൽ പരിശീലന കേന്ദ്രം.
ഹോട്ടലിന്റെയും തയ്യൽ കടയുടെയും ഇടയിൽ ഒരു അരമതിൽ കെട്ടിയിട്ടുണ്ട്. അവിടെ പഠിക്കാൻ വരുന്ന പെൺകുട്ടികളുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണത്.
മുകളിലത്തെ നിലയിൽ ട്യൂഷൻ സെന്റർ. മഴയ്ക്ക് മുമ്പേ കറന്റ് പോയതാണ്.
ആകെ ആശ്വാസമെന്നു പറയാനായിട്ടുള്ളത് ഒരു സോളാർ സ്ട്രീറ്റ് ലൈറ്റ് മാത്രം. അതും മങ്ങിയിരിക്കുന്നു.
പെരുമഴയിൽനിന്ന് രക്ഷയില്ലെന്ന് തോന്നിയതു കൊണ്ടായിരിക്കും ചിന്നനും വരാന്തയിലേക്ക് ഓടിക്കയറിയത്. പെട്ടെന്ന് അയാളെ കണ്ടപ്പോൾ ഒന്നുനിന്ന് മുരണ്ടു.
പരിചയമുള്ളതുകൊണ്ട് അവൻ വാലാട്ടിക്കൊണ്ട് അടുത്തുവന്നു കാലിൽ മണപ്പിച്ചു. ശരീരം ഒന്ന് കുടഞ്ഞ് മഴത്തുള്ളികൾ തട്ടിക്കളഞ്ഞ് വരാന്തയിലൂടെ ഉള്ളിലോട്ടു പോയി.
അകത്തേക്കു പോയതിനെക്കൾ വേഗത്തിൽ അവൻ മടങ്ങിവന്നു. പിന്നെ ഉള്ളിലോട്ടു നോക്കി പ്രത്യേകതരത്തിൽ മുരണ്ടു കൊണ്ടിരുന്നു.
ഇടയ്ക്ക് അകത്തേക്ക് നോക്കി കുരച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. അവൻ വിടുന്നമട്ടില്ല.
മഴയത്ത് എന്തെങ്കിലും വന്നു കൂടിയിട്ടുണ്ടാകണം. ഇനി വല്ല പന്നിയോ പാമ്പോ ആണെങ്കിൽ അപകടമാണ്.
അരമതിലിനു നേരെ നോക്കിയാണ് കുരക്കുന്നത്. കുറച്ചു നേരം അയാൾ അവിടെ തന്നെ നിന്ന് നോക്കി.
മഴയായതുകൊണ്ടായിരിക്കും ശങ്കരേട്ടൻ ഹോട്ടൽ തുറക്കാൻ വൈകിയത്. അല്ലെങ്കിൽ ഇരുട്ട് മാറുന്നതിനുമുമ്പേ വരുന്നതാണ്.
വീണ്ടും കുരച്ചുകൊണ്ട് അകത്തേക്കുപോയ ചിന്നനു നേരേ ഇരുട്ടിൽ നിന്നും എന്തോ വന്നു പതിച്ചു. അവൻ ഞെട്ടിയൊഴിഞ്ഞു മാറി.
‘ശ്ശ്.. ശ്സ്..
പോ..നായി.. പോ….’ അവിടെ നിന്നും ഒരു പതിഞ്ഞ ശബ്ദം.
ആരോ ഇരുട്ടിൽ ഉണ്ട്. അപരിചിതർ ആരോ ആണ്.
അല്ലെങ്കിൽ അവൻ ഇങ്ങനെ അസ്വസ്ഥത കാണിക്കില്ല. അയാൾ വരാന്തയിലൂടെ കുറച്ചുകൂടി അകത്തേക്ക് ചെന്നു.
ഇടയ്ക്ക് വീശിയ മിന്നലിൽ അവ്യക്തമായ ഒരു കാഴ്ച കണ്ടു. തയ്യൽ പീടികയുടെ മുമ്പിൽ ബാക്കിവന്ന തുണിക്കഷണങ്ങൾ ഇടുന്നതിനു വെച്ചിരുന്ന കാർബോർഡ് പെട്ടിക്കു പിറകിൽ ഒരു രൂപം കൂനിക്കൂടിയിരിക്കുന്നു.
‘ആരാത്..?’ അയാളോടൊപ്പമായപ്പോൾ ചിന്നനും ധൈര്യം വന്നു. അവൻ കുറച്ചുകൂടി അടുത്തേക്ക് പോയി കുരച്ചുകൊണ്ടിരുന്നു.
‘ആരാത്?…. ചോദിച്ചത് കേട്ടില്ലേ …എന്താ ഈട?..’ ഉള്ളിൽ നേരിയ ഒരു ഭയമുണ്ടെങ്കിലും പുറത്തുകാണിക്കാതെ അയാൾ ചോദിച്ചു.
ചിന്നൻ കുരച്ചു തുള്ളുമെന്നു തോന്നിയപ്പോൾ പേടിച്ചരണ്ട ഒരു ശബ്ദം പുറത്തേക്കു വന്നു.
‘നായി…’ ‘ചിന്നാ.. ഇങ്ങോട്ടു വാ..’ അയാൾ വിളിച്ചു ‘അതൊന്നും ചെയ്യൂല്ല..’ അയാളുടെ ഉറപ്പിലായിരിക്കണം കാർബോർഡ് പെട്ടിയുടെ മറവിൽ നിന്നും ഒരു തല പുറത്തേക്കുവന്നു.
അയാൾ മൊബൈലിലെ ടോർച്ച് തെളിച്ചു. വെളിച്ചം കണ്ടപ്പോൾ ആ രൂപം ഒന്നുകൂടി പെട്ടിക്കു പിന്നിലേക്ക് ചുരുണ്ടു.
ഒരു യുവതി. ദേഹം മുഴുവൻ പലതരത്തിലുള്ള തുണിക്കഷണങ്ങൾ വാരി ചുറ്റിയിട്ടുണ്ട്.
ശരീരം പൂർണ്ണമായും അതിലൊളിപ്പിക്കാനാവാത്തതിനാൽ മുട്ടുകാൽ മടക്കി മാറോടു ചേർത്തുവെച്ചിട്ടാണ് ഇരിക്കുന്നത്. കണ്ടിട്ട് മനോനില തെറ്റിയതല്ലന്നു തോന്നുന്നു.
എന്തോ വശപിശകാണ്. കൂടെ ആരെങ്കിലും ഉണ്ടോ എന്നറിയാനായി അയാൾ ചുറ്റും നോക്കി.
ഉണ്ടാകാൻ വഴിയില്ല. ചിന്നൻ അവളെ നോക്കി മാത്രമേ കുരയ്ക്കുന്നുള്ളു.
മഴ ചെറുതായി കുറയാൻ തുടങ്ങിയിട്ടുണ്ട്. ടൗണിലെ ബാങ്കിൽ സെക്യൂരിറ്റിപ്പണി തുടങ്ങിയതുമുതൽ രാത്രി സമയത്തു പലതും കണ്ടിട്ടുണ്ട്.
പലമുഖങ്ങളും എന്നും കണ്ടു പരിചിതവുമാണ്. അവയിൽ പെട്ടതൊന്നുമല്ല.
ഈ നാട്ടിൻപുറത്ത് ഇങ്ങനെ ഒരു കാഴ്ച ആദ്യായിട്ടാണ്. ‘വന്ന് വന്ന് ഇങ്ങോട്ടും എത്തിയോ? കാലത്തിന്റെ ഒരു പോക്കേ..’ അയാൾ അമർഷത്തോടെ പറഞ്ഞു.
‘എന്തിനാ ഈട തങ്ങുന്നേ..
കാര്യം കഴിഞ്ഞാൽ പൊയ്ക്കൂടേ?’ അതിനു ഉത്തരമൊന്നും ഉണ്ടായില്ല. പകരം ഏങ്ങിക്കരയുന്ന ശബ്ദം മാത്രം.
‘ദേ.. ആൾക്കാർ ഇപ്പൊ ഇങ്ങോട്ട് വരാൻ തുടങ്ങും.
അതിനുമുമ്പ് സ്ഥലം കാലിയാക്കാൻ നോക്ക്.’ അവൾ പതുക്കെ തല ചെരിച്ചുനോക്കി. കരഞ്ഞ് കണ്ണുകൾ കലങ്ങിയിട്ടുണ്ട്.
വെളിച്ചം അവൾക്കു സ്വയം ഒളിപ്പിക്കാൻ ബുദ്ധിമുട്ടാകുന്നു എന്ന് തോന്നിയപ്പോൾ അയാൾ ടോർച്ചണച്ചു. ‘ഇതേടയാ സ്ഥലം? പോകാനറിയില്ല’ അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു.
”പഷ്ട്.. പിന്നെങ്ങനെയാ ഇങ്ങോട്ടു വന്നേ? അതേപോലെ പോയാമതി.’ ‘എന്നെ കൊണ്ടുവന്നതാ..’ വാക്കുകൾക്ക് കൂട്ടായി തേങ്ങലുകളും ഉയർന്നു.
‘മതി മതി.. കഥ പറഞ്ഞത്.
നാട്ടുകാർ വരുന്നതിനുമുമ്പേ മര്യാദക്ക് തുണിയുടുത്തിട്ടു പോകാൻ നോക്ക്. മഴകുറഞ്ഞു.
ഇപ്പൊ കുറച്ചു വഴികാണുന്നുണ്ടല്ലോ.. ഇല്ലെങ്കിൽ കൊണ്ടുവന്നവരെ വിളിച്ചിട്ട് പറ.’ അയാൾ പോകാൻ തുനിഞ്ഞു .
‘ഏട്ടാ..’ ദയനീയമായ ആ വിളിയിൽ അയാൾ ഒന്ന് നിന്നു. ‘ഇടാൻ ഒന്നുമില്ല.
എല്ലാം അവര് കൊണ്ടുപോയി. തുണിയും, ഫോണും, പേഴ്സുമെല്ലാം.
എനിക്കൊരു ഉപകാരം ചെയ്യുമോ? വേറെ വഴിയില്ല!’ ‘വേറെ വഴിയില്ലെങ്കിൽ ദാ അവിടെ ഒരു വഴിയുണ്ട്.’ കുറച്ചകലെ കാണുന്ന റെയിൽപാളം കാണിച്ചു ദേഷ്യത്തോടെ അയാൾ പറഞ്ഞു. ‘നിനക്കൊക്കെ അതാ നല്ലത്.’ ‘ഇറങ്ങിയതാ..
പക്ഷേ ഞാൻ പോയാൽ. മോൾ ഒറ്റയ്ക്കായിപ്പോകും.’ കരച്ചിൽ അല്പം ഉയർന്നു.
‘ഓ.. അപ്പൊ കൂടും കുടുബമൊക്കെ ഉള്ളതാ!..
എന്നിട്ടാ ഈപ്പണിക്ക് ഇറങ്ങിയത്? ആരാ ഇങ്ങോട്ടു കൊണ്ടുവന്നേ?.’ ആ ചോദ്യത്തിന് അവൾക്കു ഉത്തരമുണ്ടായില്ല. ആരാന്നാ പറയേണ്ടത്.
ആൽബി. ആ പേരുമാത്രമറിയാം.
സങ്കടങ്ങൾക്കിടയിൽ ഒരു മൂന്നുവയസ്സുകാരിയുമായി ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പെണ്ണിന്റെ ജീവിതത്തിലേയ്ക്ക് മിസ്ഡ്കോളിൽ വന്ന സ്നേഹം. അങ്ങനെ വേണമെങ്കിൽ പറയാം.
ഒഴിവാക്കാൻ ശ്രമിച്ചിട്ടും ഒഴിവാക്കാനാവാതെപോയ ആ ഫോൺകോളുകളിൽ സങ്കടങ്ങൾ മായ്ക്കുവാനുള്ള എന്തോ ഒന്ന് ഉണ്ടായിരുന്നു. അതൊരിക്കലും മോശമായ രീതിയിലായിരുന്നില്ല.
സ്നേഹമാണെന്നും, കൂടെയുണ്ടാകുമെന്നും പറയാതെപറഞ്ഞ വാക്കുകൾ. നേരിട്ട് കാണുംവരെ ഒരു സർപ്രൈസ് ആവട്ടെ എന്ന് പറഞ്ഞ് കൺമുന്നിൽ നിന്നും മറഞ്ഞുനിന്നിട്ടും ശബ്ദംകൊണ്ട് അടുത്തുപോയൊരാൾ.
വീട്ടുകാരെ ധിക്കരിച്ച ഒരു പ്രണയ വിപ്ലവത്തിന്റെ ബാക്കിപത്രമാണ് കുഞ്ഞുമൊത്തുള്ള ഹോസ്റ്റലിലെ ജീവിതം. ഇനിയുമൊരു നാടകത്തിലെ കഥാപാത്രമാകാൻ താല്പര്യമില്ലാത്തതിനാൽ സൗഹൃദത്തിന്റെ അതിർ വരമ്പിൽ അതിനെ തളച്ചിട്ടു.
ഇത് പറഞ്ഞാൽ ഇവർ വിശ്വസിക്കുമോ? ‘ഫോണിലൂടെയുള്ള പരിചയമാ. കുറച്ചു പൈസവേണായിരുന്നു.
ശരിയാക്കിത്തരാമെന്നു പറഞ്ഞ് കൊണ്ടുവന്നതാ.. ഇവിടെ എത്തിയപ്പോ… അവർ മൂന്നാലാളുണ്ടായിരുന്നു.
എല്ലാരുംകൂടി എന്നെ..’കരച്ചിലിനിടയിൽ ഒരുവിധം പറഞ്ഞൊപ്പിച്ചു. ‘എനിക്കൊരു ഡ്രസ്സ് കൊണ്ടുത്തരാൻ പറ്റുമോ..
പഴയതു മതി.. ആരെങ്കിലും കണ്ടാൽ..
എനിക്കെന്റെ മോളെ കാണണം.. അവൾ ആശുപത്രിയിലുണ്ട്.’ എന്തുചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി.
മഴ മാറി. പുറത്തെ ഇരുട്ട് കനംകുറഞ്ഞു തുടങ്ങി.
ഹോട്ടൽ തുറക്കാൻ ശങ്കരേട്ടൻ ഇപ്പൊ വരും. പ്രതീക്ഷയോടെ കൈകൂപ്പി കരഞ്ഞു നിൽക്കുന്ന അവളെ കയ്യൊഴിയാനും തോന്നിയില്ല.
അവളുടെ ആവശ്യം നാണം മറയ്ക്കാൻ ഒരു വസ്ത്രം. അതിനുപിന്നിലെ ശരിതെറ്റുകൾ നോക്കാനുള്ള സമയമില്ല ഇപ്പോൾ.
പറ്റില്ല എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞാൽ നാട്ടുകാർക്കു കണ്ടുരസിക്കാൻ ഒരു കാഴ്ചയാകും. അതു ചിലപ്പോ അതിനു താങ്ങാനായെന്നുവരില്ല.
‘ന്നാ ഇപ്പൊ ഇതിട്ടോ.. എന്തെങ്കിലും വഴിയുണ്ടാക്കാം…’ അയാൾ സ്കൂട്ടറിൽ നിന്നും മഴക്കോട്ടെടുത്ത് എറിഞ്ഞുകൊടുത്തു.
അവൾ അതും ധരിച്ച് ഇരുട്ടിൽ നിന്നും പതിയെ പുറത്തേക്കു വന്നു അയാളെ നോക്കി കൈകൂപ്പി കരഞ്ഞു. കൂട്ടിപ്പിടിച്ചിട്ടും ആ കൈകൾ കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു.
രാത്രിയിലെ പെരുമഴയോടൊപ്പമുള്ള കാറ്റും ശരീരത്തിനേറ്റ മുറിവും ആകെ തളർത്തിയിട്ടുണ്ട്. അതിലേറെ മാനസികമായി തളർന്നിരിക്കുന്നു.
അയാൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. ‘വാ..
കേറിക്കോ’ അവൾ കയറാൻ മടിച്ചു. ‘പേടിക്കണ്ട..
കേറിക്കോ.. ഈട
ഇപ്പൊ ആൾക്കാർ വരും. അതിനു മുമ്പ് മാറണം.
എന്റെ വീട്ടിലേക്കാ. പിന്നൊരുകാര്യം.
എനിക്ക് തലവേദനയാക്കരുത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്നതാണ് .
കിട്ടിയ ഡ്രസ്സും ഇട്ടിട്ട് സ്ഥലം കാലിയാക്കിക്കോളണം. പൈസ ഉണ്ടാക്കിയല്ലോ ഇഷ്ടം പോലെ.’ അവൾ ഒന്നും പറഞ്ഞില്ല.
സ്കൂട്ടറിൽ കയറുന്നതിനു മുമ്പ് ചുരുട്ടിപ്പിടിച്ച കൈ അയാൾക്ക് നേരെ നീട്ടി. ‘ഇതാ അവര് തന്നത്.
ആവശ്യം കഴിഞ്ഞ് പോകുമ്പോൾ ചുരുട്ടി തന്നതാ…’ അയാൾ അവളുടെ കയ്യിലേക്ക് നോക്കി. കുറച്ചു പഴയ ലോട്ടറിടിക്കറ്റുകൾ.
ഇരുട്ടിൽ അവൾക്കു കൊടുത്ത പ്രതിഫലം. എന്തൊരു മനുഷ്യരാണ്!
എങ്ങനെ ഇങ്ങനെ ചെയ്യാൻ പറ്റുന്നു? ഒരുപെണ്ണിനെ പറഞ്ഞു പറ്റിച്ചു കൊണ്ടുവന്നു കൂട്ടമായി അക്രമിച്ചിട്ട്. ലോകം പുരോഗമിക്കുന്തോറും മനുഷ്യർ പിശാചുക്കൾ ആവുകയാണ്.
‘സൂക്ഷിച്ചുവെച്ചോ.. കൂലികിട്ടിയതല്ലേ’ അല്പം പരിഹാസത്തോടെ അയാൾ പറഞ്ഞു.
‘ഓരോന്നിനും ഇറങ്ങുന്നതിനുമുമ്പേ ആലോചിക്കേണ്ടേ? വാ കേറിയിരിക്ക്.. പോകാം.’ അവൾ സ്കൂട്ടറിന്റെ പിറകിൽ കയറി ഇരുന്നു.
ഇതുപോലൊരു യാത്രയായിരുന്നു ഇന്നലെ രാത്രിയിലും. അവളുടെ ഉള്ളിൽ നടുക്കുന്ന ആ രംഗങ്ങൾ ഒന്നിനുപിറകെ ഒന്നായി തെളിഞ്ഞു വന്നു.
”ഇപ്പൊ പേടിക്കേണ്ടതില്ല. പക്ഷേ കൗണ്ട് ഇനിയും കുറയുകയാണെങ്കിൽ മറ്റെവിടേക്കെങ്കിലും മോളെ കൊണ്ടുപോകേണ്ടി വരും.’ ഡോക്ടർ അടുത്തുവിളിച്ചുപറഞ്ഞപ്പോൾ എന്താ ചെയ്യേണ്ടത് എന്നറിഞ്ഞില്ല.
ഗ്ലാസ് വട്ടത്തിലൂടെ അകത്തേയ്ക്കു നോക്കുമ്പോൾ ട്യൂബുകൾക്കിടയിൽ അവൾ തളർന്നുറങ്ങുന്നു. ചെറിയൊരനക്കം മാത്രം.
വേറെ എവിടെയെങ്കിലും കൊണ്ടുപോകണമെങ്കിൽ പൈസ വേണം. കിട്ടാവുന്നിടത്തുനിന്നൊക്കെ വാങ്ങിച്ചതാ.
ഇനിയിപ്പൊ ഈ രാത്രിയിൽ… ആലോചിച്ചിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആൽബിയുടെ കാൾ വന്നത്. കുറച്ചു ദിവസമായി വിളിക്കാതെ.
ബാംഗ്ലൂർ എന്തോ ബിസിനസ് കാര്യത്തിനുവേണ്ടി പോകുന്നുണ്ടെന്നാ പറഞ്ഞിരുന്നത്. ‘കാശല്ലേ പ്രശ്നം..
നമുക്ക് ശരിയാക്കാമെന്നേ.. എന്റെകൂടെ ഒന്ന് വരാൻ പറ്റുമോ.
ഒരു ഫ്രണ്ടിനോട് ചോദിക്കാം. ഞാൻ ഒറ്റയ്ക്കുപോയാൽ കിട്ടില്ല.
വാങ്ങിച്ചതുതന്നെ കൊടുക്കാനുണ്ട്. റെഡിയാണെങ്കിൽ ഞാനങ്ങോട്ട് വരാം.’ ആ വാക്കുകളിൽ ഒരു പ്രതീക്ഷയുണ്ടെങ്കിലും രാത്രിയായതുകൊണ്ട് പോകാനൊരു മടി.
‘അത്.. മോൾ ഒറ്റയ്ക്കാ.
ഞാൻ വന്നാൽ…’ ‘മോൾ ഐ.സി.യുവിൽ എന്നല്ലേ പറഞ്ഞത്. സിസ്റ്റർമാരുണ്ടല്ലോ അവിടെ.
അവരോട് പറഞ്ഞിട്ട് വന്നാമതി. അരമണിക്കൂറിനുള്ളിൽ തിരിച്ചെത്താം.
രാത്രി മോളെ എവിടേലും കൊണ്ടുപോകേണ്ടിവന്നാൽ ക്യാഷ് ഇല്ലാതെ പറ്റുമോ? ഞാൻ വരാം.’ മൗനം സമ്മതമെന്നനിലയ്ക്ക് ആൽബി ഫോൺ വെച്ചു. സിസ്റ്ററോട് സൂചിപ്പിച്ച് പുറത്തേയ്ക്കിറങ്ങി.
ഇടയ്ക്കിടെ ചീറിപ്പായുന്ന വാഹനങ്ങൾ റോഡിലെ നനവിനെ തട്ടിത്തെറിപ്പിച്ചു പോയ്കൊണ്ടിരുന്നു. ഇടവിട്ടുവീശുന്ന തണുത്തകാറ്റേറ്റ് ചുണ്ടുകൾ വിറയ്ക്കുന്നു.
ഷാൾ എടുത്ത് തലയോടെ ചേര്ത്ത് പുതച്ച് ആശുപത്രിക്കു മുമ്പിലെ ബസ് സ്റ്റോപ്പിന്റെ തിണ്ണയിൽ ഇരുന്നു. അധികം വൈകാതെതന്നെ ഒരു ബൈക്ക് അടുത്തുവന്നു നിർത്തി.
ഹെൽമറ്റിനുള്ളിൽ കൂടി രണ്ടു കണ്ണുകൾ അവളെത്തന്നെ നോക്കി നിന്നു. മുഖം വ്യക്തമല്ലെങ്കിലും ഒരു ചെറുചിരിയുടെ പ്രതിഫലനം ആ കണ്ണുകളിൽ കണ്ടു.
‘ഞാൻ ആൽബി..’ അതെ. അതേ ശബ്ദം.
കുറെ നാളുകളായി കാണാനാഗ്രഹിച്ച രൂപം. കാണുന്നത് ഇങ്ങനെയാകുമെന്ന് കരുതിയില്ല.
പ്രതീക്ഷിച്ചതിനെക്കാളും ചെറുപ്പമാണ്. പക്ഷേ ഇപ്പൊ അതൊന്നും പറയാനുള്ള സമയമില്ല.
‘പോകാല്ലേ..? അവൻ ഉറങ്ങുന്നതിനു മുമ്പ് എത്തണം.’ ഹെൽമറ്റ് എടുത്ത് അവൾക്കു നീട്ടി അവൻ പറഞ്ഞു. വാഹനങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് ആ ബൈക്ക് ചീറിപ്പാഞ്ഞു.
‘ദേ വീടെത്താറായി. പറഞ്ഞതോർമ്മയുണ്ടല്ലോ?.
സഹായിക്കാൻ വന്നിട്ട് എനിക്ക് പുലിവാലാകരുത്.’ എത്ര ശ്രമിച്ചിട്ടും മറക്കാനാകാതെ തികട്ടി വരുന്ന നശിച്ച ഓർമ്മകളെ തടസ്സപ്പെടുത്തിക്കൊണ്ട് അയാൾ പറഞ്ഞു. ‘നിനക്ക് അവരെ കണ്ടാലറിയുമോ?..
എവിടത്തെ ആൾക്കാരാ?’ ”ഇല്ല. ഇരുട്ടായിരുന്നു.
സഹിക്കാനാവാതായപ്പോൾ കാലുപിടിച്ചു കരഞ്ഞതാ. അതൊന്നും അവർ കേട്ടതേയില്ല.
അവർ എന്തോ ലഹരിയിലായിരുന്നു. കരഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു.
കൊല്ലുമായിരുന്നു. പിന്നെ എന്തോ..’ അവളുടെ വാക്കുകളിൽ ഇപ്പോഴും ഭയം നിഴലിക്കുന്നുണ്ട്.
അയാൾ വിറകുപുരയുടെ ഓരത്തായി സ്കൂട്ടർ നിർത്തി. വീട്ടിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്.
അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കാം. ‘നീ ഇവിടെ നിക്ക്.
ആദ്യം ഞാൻ പോയി ദേവൂനോട് കാര്യം പറയട്ടെ.. ഇല്ലെങ്കിൽ അവൾ കൂക്കാൻ തുടങ്ങും.’ അതുംപറഞ്ഞ് അയാൾ അടുക്കള വശത്തേക്ക് പോയി പെട്ടെന്ന് വീടിനു പുറത്തേക്കുണ്ടായിരുന്ന ലൈറ്റ് അണഞ്ഞു.
അയാൾ കാര്യം പറഞ്ഞിട്ടുണ്ടാകണം. അല്പസമയം കഴിഞ്ഞ് അരണ്ട
വെളിച്ചത്തിൽ രണ്ടു രൂപങ്ങൾ തന്നെ സമീപിക്കുന്നത് അവൾ കണ്ടു. എന്തായിരിക്കും അവരുടെ പ്രതികരണം.
എന്തായാലും സഹിച്ചേ പറ്റു. ആട്ടും തുപ്പും തല്ലും എന്തും.
ഒരു രാത്രി മുഴുവൻ സഹിച്ചതല്ലേ. അത്രയും വരില്ലല്ലോ.
അവൾ സ്വയം സമാധാനിപ്പിച്ചു. ധൃതിപിടിച്ച് കിതച്ചു വന്ന സ്ത്രീ കുറച്ചു നേരം അവളെ തന്നെ നോക്കി.
വെറുപ്പോ അതോ അറപ്പാണോ ആ കണ്ണുകളിൽ? ഇരുട്ടുകൊണ്ട് ആ കണ്ണുകളിലെ വികാരങ്ങൾക്ക് മറയിട്ട മഴമേഘങ്ങൾക്ക് അവൾ ഉള്ളിൽ നന്ദിപറഞ്ഞു.
പൊരുളറിയാത്ത നോട്ടത്തിൽ വെന്തുരുകി അവൾ കരഞ്ഞു. ‘എന്തിന് മോങ്ങുന്നേ..? കെട്ടിയൊരുങ്ങി ഇറങ്ങുമ്പോൾ ഓർക്കണായിരുന്നു.’ ആ സ്ത്രീ മുഖത്തടിച്ചപോലെ പറഞ്ഞു.
”ദേവൂ.. നീ ഇപ്പൊ അതിന് തുണികൊടുക്ക്.
ഞാൻ പറഞ്ഞില്ലേ അവളുടെ അവസ്ഥ.’ അയാൾ രംഗം കൂടുതൽ വഷളാകാതിരിക്കാൻ ഇടപെട്ടു. ”ഓരോരുത്തി ഒരുമ്പെട്ട് ഇറങ്ങുന്നതിന് നമ്മളെന്താക്കാനാ? ഇത്രയധികം ഇങ്ങോട്ട് ഇങ്ങനെയൊന്നും കേട്ടിട്ടില്ല.
അതെങ്ങനെ.. എല്ലാ തീട്ടവും വാരിക്കൊണ്ട് വരാൻ ഈട
ഒരാളുണ്ടല്ലോ. നാട് നന്നാക്കാൻ നടക്കുന്നു.’ അവർ വിറകുപുരയുടെ പടിയിൽ ഇരുന്ന് തലയിൽ കൈവെച്ച് ഓരോന്ന് പിറുപിറുത്തുകൊണ്ടിരുന്നു.
ആ കയ്യിലെ പഴന്തുണിയിലേക്ക് ആർത്തിയോടെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് സങ്കടം തോന്നി. എങ്കിലും ഒന്നും മിണ്ടിയില്ല.
ഈ ഒരവസരത്തിൽ മൗനം തന്നെയാണ് നല്ലത്. എന്തെങ്കിലും പറഞ്ഞ് ഭാര്യയെ ദേഷ്യം പിടിപ്പിച്ചിട്ടു കാര്യമില്ല.
‘ഈടേം ഉണ്ടല്ലോ ദൈവമേ രണ്ടെണ്ണം… അവറ്റകളൊന്നും ഇതൊന്നും കാണുകയും കേൾക്കുകയും ചെയ്യാതിരുന്നാമതി’ വീട്ടിലേക്കു നോക്കി അവർ ആരോടെന്നില്ലാതെ പറഞ്ഞു. ‘നീ ഇനിയിപ്പൊ കൂക്കിയിട്ട് അവരെയൊന്നും എഴുന്നേൽപ്പിക്കണ്ട..
ഡ്രസ്സ് കൊടുത്തിട്ട് അവളെ പറഞ്ഞുവിട്.’ ഭാര്യയുടെ കൈപിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ പറഞ്ഞു. ‘ഓരോന്നു കാണുമ്പോ പേടിയാ..
ഇത്രമാത്രം കണ്ണീച്ചോരയില്ലാതെ മനുഷ്യന്മാരോ! പോയി കേസുകൊടുക്ക്.
നിനക്ക് ആവശ്യത്തിന് പൈസേം കിട്ടും.’ അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഇപ്പോഴും അവരുടെ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യം വന്നിട്ടില്ല.
മഴ വീണ്ടും പെയ്യാനുള്ള ഒരുക്കത്തിലാണ്. തണുത്തകാറ്റും മിന്നലും മുന്നോടിയായി എത്തി.
അവർ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. ‘ദാ..
മോളുടെതാ.. ഇത് ഇട്ടോ..
പാകമാകുമോ എന്നറിയില്ല.’ ഒരു ചുരിദാർ സെറ്റ്. അത്ര പഴയതല്ല.
അതും പിടിച്ച് അവൾ അങ്ങനെ നിന്നു. ഈ ജന്മം കിട്ടാവുന്നതിൽ വെച്ച് ഏറ്റവും അമൂല്യമായ സമ്മാനം.
അല്ല ദാനം. ഒരു പഴംതുണി.
അതിന് വിലയിടാനാവില്ല. ‘അതിട്ടിട്ട് ആ കോട്ടും ഹെൽമെറ്റും അവിടെ വെച്ചിട്ട് പൊയ്ക്കോ..
പറഞ്ഞത് ഓർമയുണ്ടല്ലോ?’. അതും പറഞ്ഞ് അയാൾ വീട്ടിലേക്കു പോയി.
വിറകുപുരയുടെ ഉള്ളിലേക്ക് മാറിനിന്ന് അവൾ കോട്ടഴിച്ചു. ടോപ് അല്പം ഇറുകിയതായതുകൊണ്ട് വലിച്ചു കയറ്റുമ്പോൾ മേലാകെ വല്ലാത്ത നീറ്റൽ.
അസഹ്യമായ വേദനകൊണ്ടു പുളയുമ്പോൾ പിറകിൽ ആരോ തൊടുന്നപോലെ. അവൾ ഞെട്ടിത്തിരിഞ്ഞു.
‘ഉള്ളിലൊന്നും ഇല്ലേ?.. എങ്ങനെയാ പുറത്തിറങ്ങുക..?’ ആ അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി. കുത്തുവാക്ക് പ്രതീക്ഷിച്ചു തന്നെയാണ് നിന്നതെങ്കിലും ഒരു ദീർഘനിശ്വാസത്തിൽ അവർ മറുപടി ഒതുക്കി.
അവളുടെ പുറത്തെ ചോരപൊടിഞ്ഞ പാടുകളിലൂടെ പതുക്കെ തലോടി. ‘നല്ലോണം ഉപദ്രവിച്ചിട്ടില്ലേ?.
എല്ലാടത്തും മുറിഞ്ഞിട്ടുണ്ട്. ഗുണം പിടിക്കില്ല ഒന്നും..
അനുഭവിക്കും…ചാമുണ്ഡി അമ്മ കൊടുത്തോളും അവറ്റകൾക്ക്. നീയൊരു കാര്യം ചെയ്യ്.
ഈ കോലത്തില് പോകണ്ട. പുറത്ത് ഒരു കുളിമുറിയുണ്ട്.
അതിൽ ചൂട് വെള്ളം ഉണ്ടാകും. ഒന്ന് മേല് കഴുക്.
ഞാൻ വീട്ടിൽ എന്തെങ്കിലും ഉണ്ടോന്നു നോക്കട്ടെ.’ അതും പറഞ്ഞ് അവർ വീട്ടിലേക്ക് പോയി. ആ ഭാവമാറ്റം അവൾക്കു വിശ്വസിക്കാനായില്ല.
അല്പം മുമ്പുകണ്ട ആളേയല്ല.
അവർ പറഞ്ഞത് ശരിയാ. ഒന്നു കുളിച്ചാൽ ആശ്വാസം കിട്ടും.
ശരീരത്തിനും മനസ്സിനും. കോട്ട് വിറകുപുരയുടെ കഴുക്കോലിൽ തൂക്കിയിട്ട് അവൾ കുളിമുറിയിലേക്കു നടന്നു.
ഇളം ചൂടുവെള്ളം തലയിലൂടെ ഒഴിച്ചപ്പോൾ നല്ല ആശ്വാസം തോന്നി. മനസിന്റെ വിങ്ങൽ.
അത് ഇനി ഈ ജന്മം വിട്ടുപോകില്ല. ഒരു ദുസ്വപ്നമായി ഏതു സമയത്തും കൂടെ ഉണ്ടാകും.
മുമ്പിൽ കാണുന്നതൊക്കെയും മുഖമില്ലാത്ത കുറെ കറുത്ത രൂപങ്ങൾ. പല്ലും നഖവും നീട്ടിയ പിശാചുക്കൾ.
ഓരോ രോമകൂപങ്ങളിലേക്കും നഖമുനകൾ കുത്തിയിറക്കി ചിരിക്കുന്ന വികൃതരൂപങ്ങൾ. ഇരുട്ടിനെ ഇപ്പോൾ പേടിയാണ്.
അവർ കൊടുത്ത വസ്ത്രങ്ങൾ ശരീരത്തിന് പാകപ്പെടുത്തി പുറത്തിറങ്ങി. ഇനി ഒരു തിരിച്ചുപോക്ക്.
ശ്വാസം മുട്ടി പിടയുമ്പോഴും ഒരേ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ, ഒരിക്കൽ മാത്രം മോളെ കാണാൻ കഴിയണേ.
അവൾക് എന്തായിട്ടുണ്ടാകുമെന്ന് അറിയില്ല. ‘വേണ്ടാത്തയൊന്നും ചിന്തിക്കണ്ട.
കുഞ്ഞിക്ക് സുഖമായിട്ടുണ്ടാകും. അവളെയും കൂട്ടി വീട്ടിൽ പോകണം.
ഇങ്ങനെയൊക്കെ വരാനുണ്ടായിരുന്നു എന്ന് കരുതിയ മതി.’ അവളുടെ കയ്യിൽ കുറച്ചു നോട്ടുകൾ വെച്ചുകൊടുത്തുകൊണ്ട് അവർ പറഞ്ഞു. വേണ്ട
എന്ന് പറഞ്ഞില്ല. ഇനി ഇറങ്ങണം.
പക്ഷേ എങ്ങോട്ടുപോകും. ദിക്കുകൾ പോലും അറിയില്ല.
‘നിങ്ങളൊരു കാര്യം ചെയ്യൂ. റോഡുവരെ ഒന്ന് കൊണ്ടാക്കിയിട്ട് വാ’ പോകാൻ വഴിയറിയാതെ നിൽക്കുന്ന അവളെ കണ്ടിട്ട് അവർ ഭർത്താവിനോട് പറഞ്ഞു.
”ഞാനിപ്പോ വന്നതല്ലേ. തല നേരെ നിൽക്കുന്നില്ല.
മാത്രവുമല്ല തറയിൽ ആൾക്കാരുണ്ടാകും. എന്താ പറയാ?.
കള്ളം പറഞ്ഞാൽ അത് കേൾക്കുന്നവർക്ക് അറിയും. നീ അശ്വിനെ ഒന്ന് വിളിക്കു.
അവനാകുമ്പോ ആരും ചോദിക്കാൻ നിൽക്കില്ല.’ ‘അവൻ നല്ല ഉറക്കത്തിലാ. പറഞ്ഞാൽ കേൾക്കുമോ എന്നറിയില്ല..
ഞാൻ കിടക്കുമ്പോ അവന്റെ റൂമിൽ ലൈറ്റുണ്ട്. എന്തോ പരീക്ഷയോ പ്രൊജക്റ്റോ ഉണ്ടെന്നു പറയുന്നുണ്ടായിരുന്നു.
വിളിച്ചുനോക്കാം.’ അവർ അകത്തേക്ക് പോയി. അകത്തു നിന്ന് അമ്മയുടെയും മകന്റെയും സംസാരം കേൾക്കാം.
ഒന്നും വ്യക്തമാകുന്നില്ല. പെരുമഴയുടെ തണുപ്പിലെ സുഖനിദ്രയ്ക്ക് ഭംഗം വരുത്തിയതിന്റെ ദേഷ്യം അമ്മയോട് കാണിക്കുന്നതാവണം.
അമ്മയുടെ പിറകെ കണ്ണ് തിരുമ്മിക്കൊണ്ട് അശ്വിൻ പുറത്തേയ്ക്കു വന്നു. ഒന്ന് പാളിനോക്കിയശേഷം അമ്മയെ വിളിച്ചു അകത്തേക്ക് പോയി.
‘ഇതിനാണോ എന്നെ വിളിച്ചെഴുന്നേൽപ്പിച്ചത്? അത്യാവശ്യമായി ആരെയോ കൊണ്ടുവിടാനുണ്ടെന്നു പറഞ്ഞിട്ട് ഇതിപ്പോ..എനിക്ക് പറ്റില്ല’ ‘മോനെ വഴിയറിയാത്തതുകൊണ്ടല്ലേ.. അച്ഛനിപ്പോ വന്നുകേറിയതെയുള്ളു.
നീ ഒന്ന് അവളെ ബസ്സ്റ്റോപ്പിലേക്ക് ആക്കിയേക്ക്.’ ”വരുമ്പോ വഴി അറിഞ്ഞിരുന്നോ? അതുപോലെ പോകും. അച്ഛൻ എന്ത് വിചാരിച്ചാ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്? ആരെങ്കിലും കണ്ടിരുന്നെങ്കിൽ? പഴയ കാലമൊന്നുമല്ല ഇത്.
എനിക്ക് പറ്റില്ല. ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് അച്ഛൻ ഓർക്കണ്ടേ, ഫേസ്ബുക്കിലും വാട്സാപ്പിലും ലൈവ് പോകുന്ന കാലമാന്ന്.
ഇമ്മാതിരി പോക്കുകേസുകളെ ബൈക്കിൽ കയറ്റി കൊണ്ടുപോകാൻ എനിക്ക് പറ്റില്ല. അല്ലെങ്കിലേ ഒരു അവസരത്തിന് കാത്തുനിൽക്കുന്നവരാ ചുറ്റും.
തലയിൽ മുണ്ടിട്ടു ഇറങ്ങേണ്ട ഗതികേട് വരുത്തരുത്’ അവന്റെ ശബ്ദം ഉച്ചത്തിലായി.
ഇത്തിരിപോലും അലിവില്ലാത്ത വാക്കുകൾ. അവളത് വ്യക്തമായി കേട്ടു.
കൂരമ്പുകൾ പോലെ നെഞ്ചിൽ തറച്ച വാക്കുകൾ കാതുകളിൽ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. ആ ശബ്ദം… അത്…!
അവൾ പെട്ടെന്ന് ഞെട്ടിവിറച്ചു. അത് കൂടികൂടി വന്ന് ഒരു പെരുമ്പറമുഴക്കമായി.
ഇരു കൈകൾ കൊണ്ട് ചെന്നിയിൽ അമർത്തിപ്പിടിച്ച് കണ്ണുകൾ ഇറുക്കി അടച്ചു. തലയ്ക്കുള്ളിൽ ആയിരം കാലുകളുള്ള തേരട്ടകൾ തലങ്ങും വിലങ്ങും പരക്കുന്നു.
കാതുകളിൽ കരിവണ്ടുകളുടെ മുരൾച്ച. പതിയെ പതിയെ ഉയർന്ന് അതൊരു കൂട്ടച്ചിരിയായി മാറുന്നു.
പൊട്ടിയൊലിക്കുന്ന ചോര നുണഞ്ഞ് വെറിപിടിച്ച ചെന്നായ്ക്കൾ നെഞ്ചിൻ കൂട് കടിച്ചുവലിക്കുന്നു. അവയുടെ എണ്ണം കൂടിക്കൂടി വരുന്നു.
ഒന്ന് രണ്ട് മൂന്ന്….. പെരുമഴയുടെ ആർത്തനാദത്തിൽ അലിഞ്ഞുപോയ, ലഹരിയുടെ ഉന്മാദാവസ്ഥയിൽ പിച്ചിച്ചീന്തപ്പെടുന്ന പച്ചമാംസത്തിൽ ഇത്തിരി പ്രാണൻ ബാക്കിവെക്കാൻ കെഞ്ചി വിലപിക്കുന്ന ഒരു പെണ്ണിന്റെ വേദനയിൽ അവ ഊറിച്ചിരിക്കുന്നു.
കണ്ണിൽ ഇരുട്ട് കയറുന്നു. പതിയെ അടയുമ്പോൾ അങ്ങകലെ വെളുത്ത വിരിയിട്ട
കട്ടിലിൽ ഒരു കുഞ്ഞു മാലാഖ. ഒരിക്കൽ… ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാനുള്ള പ്രാണൻ ബാക്കിവെക്കാനായി അവൾ കെഞ്ചി.
കൊല്ലരുത്.. എനിക്കെന്റെ മോളെ ഒന്ന് കാണണം.
ഒച്ച പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകി അവർ മാറി മാറി കാമം തീർത്തു. ശൗര്യം കെട്ടടങ്ങി അർദ്ധപ്രാണനോടെ ഉടുതുണിയില്ലാതെ അവളെ ഉപേക്ഷിച്ചു പോകുമ്പോൾ ചിരിച്ച ഓരോ ചിരിയും ഏഴുജന്മം തിരിച്ചറിയാനുള്ള അടയാളങ്ങളായി അവളുടെ ഉള്ളിൽ പതിച്ചിരുന്നു നിന്നനിൽപ്പിൽ അവൾ അടിമുടി വിറച്ചു.
തളർന്നുപോയ കാലുകൾക്ക് ബലം വന്ന പോലെ. കണ്ണടച്ചുപിടിച്ച് ഓരോ ചുവടും മണ്ണിൽ ആഞ്ഞു ചവിട്ടി ആ ശബ്ദത്തിന്റെ ഉറവിടത്തിലേക്കു അവൾ നടന്നു.
കണ്ണുകൾ ചോരപ്പുഴപോലെ. ചുണ്ടുകൾ ലോകം മുഴുക്കെ കേൾക്കാൻ പറ്റുന്നത്ര ഉച്ചത്തിൽ അലറിക്കരയാനായി വിറയ്ക്കുന്നു.
അവളുടെ ഭാവമാറ്റം കണ്ട് എല്ലാവരും സ്തബ്ധരായി നിന്നു. അവൾ അവന്റെ കണ്ണുകളിലേയ്ക്ക് ഒരു നിമിഷം സൂക്ഷിച്ചു നോക്കി.
അതെ. അതേ കണ്ണുകൾ.
സർവ്വവും ചുട്ടുചാമ്പലാക്കാനുള്ള തീ എരിയുന്നുണ്ടായിരുന്നു അവളുടെ നോട്ടത്തിൽ. അതു സഹിക്കാനാവാതെ അവൻ മുഖം താഴ്ത്തി.
മുഖത്ത് നേരിയ പരിഭ്രമം തെളിഞ്ഞുവന്നു. അവളുടെ ശ്വാസമെടുപ്പും പുറത്തുവിടലും ഉയർന്നു പൊങ്ങി.
അടുത്ത നിമിഷം അരയിൽ തിരുകിവെച്ചിരുന്ന ലോട്ടറിടിക്കറ്റ് എടുത്തു ചുരുട്ടിക്കൂട്ടി അവന്റെ മുഖത്തേക്കെറിഞ്ഞു. പിന്നെ രണ്ടു കവിളിലും അവളുടെ കൈകൾ മാറിമാറി പതിച്ചു.
ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ അവൻ അടികൊണ്ടു പുളഞ്ഞു. മകനെ തല്ലുന്നത് കണ്ട് തടയാനായി അയാൾ മുന്നോട്ടാഞ്ഞു.
പിറകിൽ നിന്നും ഒരു കൈ അയാളെ തടഞ്ഞു. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവളെ തടയേണ്ടെന്ന അർത്ഥത്തിൽ അമ്മ തലയാട്ടി.
അതിൽ എല്ലാം ഉണ്ടായിരുന്നു. അവളുടെ നോട്ടത്തിനു മുന്നിൽ തലകുനിച്ച മകന്റെ ഭാവം ഒരു വിശദീകരണത്തിന്റെ ആവശ്യം ഇല്ലാതെയാക്കി.
അന്നാദ്യമായി ആ അമ്മ തന്റെ ഗർഭപാത്രത്തെ വെറുത്തു. വിഷസർപ്പത്തിന് അമൃതുചുരത്തിയ മുലക്കണ്ണുകൾ അറുത്തെറിഞ്ഞ് പ്രായശ്ചിത്തം ചെയ്യാനായിരുന്നുവെങ്കിൽ.
നെയ്തുകൂട്ടിയ സ്വപ്നങ്ങളിൽ ചിതലുകയറിയതറിയാതെപോയതിന്റെ വേദനയിൽ അവർ പിടഞ്ഞു. നിസ്സഹായയായ പെണ്ണിന്റെ പ്രതികാരത്തിനുമുന്നിൽ പേറ്റുനോവ് മറന്ന് അവർ വിങ്ങിപ്പൊട്ടി.
അടികൊണ്ട് അവശനായ അശ്വിൻ തളർന്ന് തറയിലിരുന്നു. അതുവരെ ഉള്ളിൽ അടക്കി വെച്ചതൊക്കെയും പുറത്തേക്കുവന്നപ്പോൾ അവൾ പരിസരംമറന്നുപോയിരുന്നു.
സ്വബോധം തിരിച്ചുകിട്ടാൻ കുറച്ചുസമയം വേണ്ടിവന്നു. പിന്നെ ഒന്നും ഉരിയാടാതെ തിണ്ണയിൽ ചാരിയിരുന്നു.
പെരുമഴയുടെ ബാക്കി ആ കണ്ണുകളിൽ നിന്നും പെയ്തുകൊണ്ടിരുന്നു. പിന്നെ നിറകണ്ണുകളോടെ അവളെത്തന്നെനോക്കിനിൽക്കുന്ന അമ്മയുടെ അടുത്തേക്കു ചെന്നു നോട്ടുകൾ എടുത്ത് അവരുടെ കാൽക്കൽ വെച്ചു.
‘എന്നോട് പൊറുക്കണം.. ഈ പണം..
ഇത് എനിക്ക് വേണ്ട.’ അവൾ തിരിഞ്ഞുനടന്നു. ഒന്നും പറയാനാകാതെ അവർ ദിക്കറിയാതെ നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്നു.
കണ്ണീരിൽ കുതിർന്ന കാഴ്ചയിൽ ഒരു നിഴൽ രൂപം പോലെ അവൾ അകലുന്നത് കണ്ടു. പതിയെ പതിയെ അവൾ അതിൽ അലിഞ്ഞലിഞ്ഞില്ലാതെയായി.
newskerala.net-ലെ മികച്ച കഥകളും കവിതകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

