തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന്റെ ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും അസോസിയേഷന്റെ ഔദ്യോഗിക നന്ദി. സമാനതകളില്ലാത്ത ജനപങ്കാളിത്തമാണ് ഇത്തവണത്തെ ടൂർണമെന്റിന് ലഭിച്ചത്.
ഫൈനൽ പോരാട്ടം നേരിൽ ആസ്വദിക്കാൻ 28,000-ത്തിലധികം കാണികളാണ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേർന്നത്. മത്സരം അവസാനിക്കുന്നതുവരെ സ്റ്റേഡിയം പൂർണ്ണമായും നിറഞ്ഞുനിന്നത് ടൂർണമെന്റിനോടുള്ള ജനങ്ങളുടെ ആഴത്തിലുള്ള പിന്തുണയാണ് വ്യക്തമാക്കുന്നത്.
ഗാലറിയിലേക്ക് ഇരച്ചെത്തിയ ആരാധകരുടെ ആവേശം കെസിഎല്ലിന്റെ ജനകീയ അടിത്തറയാണ് വരച്ചുകാട്ടുന്നതെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ വ്യക്തമാക്കി.
ജനങ്ങളിൽ നിന്ന് ലഭിച്ച വലിയ സ്വീകാര്യതയുടെ തെളിവായിരുന്നു സ്റ്റേഡിയത്തിൽ ദൃശ്യമായ സ്പോൺസർമാരുടെ നീണ്ടനിര. ഫ്രാഞ്ചൈസികൾക്കും ലീഗിനുമായി ഒട്ടനവധി പുതിയ ബ്രാൻഡുകളാണ് ഇത്തവണ പരസ്യങ്ങളുമായി രംഗത്തെത്തിയത്.
ടൂർണമെന്റിന്റെ വൻ വിജയത്തെ തുടർന്ന് അടുത്ത സീസണിലേക്കായി പുതിയ സ്പോൺസർമാർ കെസിഎയെ സമീപിച്ചു തുടങ്ങിയത്, ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ കെസിഎല്ലിന് സാധിച്ചു എന്നതിന്റെ തെളിവാണെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.
മൂന്നാം സീസണിന് മുന്നോടിയായി കെസിഎ വിഭാവനം ചെയ്ത ‘കെസിഎൽ ഫാൻ ലീഗ്’ വൻ വിജയമായിരുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെയും പ്രാദേശിക താരങ്ങളെയും ആരാധകരെയും കോർത്തിണക്കി അവർക്ക് മികച്ചൊരു ക്രിക്കറ്റ് അനുഭവം സമ്മാനിക്കാനും, ഫാൻ ലീഗ് വിജയികളെ നേരിട്ട് സ്റ്റേഡിയത്തിൽ എത്തിക്കാനും ഇതിലൂടെ സാധിച്ചത് സീസൺ 3-ന്റെ വിജയത്തിന് വലിയ പങ്കുവഹിച്ചു.
വരും വർഷങ്ങളിൽ ഫാൻ ലീഗ് ഉൾപ്പെടെയുള്ള പദ്ധതികൾ കൂടുതൽ വിപുലീകരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കൂടുതൽ ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കെസിഎൽ ആവേശം നേരിട്ടനുഭവിക്കാൻ അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
ടൂർണമെന്റിന്റെ പ്രചാരണാർത്ഥം പ്രമുഖ നടൻ മോഹൻലാലും ഇന്ത്യൻ താരം സഞ്ജു സാംസണും ഒന്നിച്ചൊരുക്കിയ പരസ്യചിത്രം വലിയ ജനശ്രദ്ധയാണു നേടിയത്. ഫൈനൽ മത്സരം കാണാൻ സഞ്ജു സാംസൺ നേരിട്ടെത്തിയത് ആരാധകർക്ക് ഇരട്ടി മധുരമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

