ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഗൂഗിൾ ക്രോമിലെ നിർമ്മിത ബുദ്ധി (AI) ഫീച്ചറുകളെ പൂർണ്ണമായും ഒഴിവാക്കുന്ന പുതിയ വെബ് ബ്രൗസർ രംഗത്ത്. ബെയർ (Bare) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ കമ്മ്യൂണിറ്റി അധിഷ്ഠിത ബ്രൗസർ, ക്രോമിലെ അനാവശ്യ ട്രാക്കിംഗും എഐ ഫീച്ചറുകളും ഒഴിവാക്കി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ അനുഭവം നൽകുകയാണ്.
ആൻഡ്രോയിഡ് ഫോണുകളിലേക്ക് ജെമിനി (Gemini) സാങ്കേതികവിദ്യ ഗൂഗിൾ വ്യാപകമായി എത്തിക്കുന്നതിനിടയിലാണ് ഈ പുതിയ ബദൽ സംവിധാനത്തിന്റെ കടന്നുവരവ്. ക്രോമിൽ എഐ ഫീച്ചറുകൾ നിർബന്ധമാക്കുന്നതും ഇത് ഓഫ് ചെയ്യാൻ സാധിക്കാത്തതും ഉപയോക്താക്കൾക്കിടയിൽ സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്ക് കാരണമായിരുന്നു.
ഈ സാഹചര്യത്തിലാണ് റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ എഐ രഹിതമായ ക്രോമിയം ഫോർക്കായ ‘ബെയർ’ വികസിപ്പിച്ചെടുത്തത്. നിലവിൽ ആൽഫ ഘട്ടത്തിലുള്ള ഈ ബ്രൗസർ ഗിത്ഹബ് (GitHub) വഴി സൈഡ്ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഈ ആപ്പ് പ്ലേ സ്റ്റോറിലും എഫ്-ഡ്രോയിഡിലും ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പ് തുറക്കുമ്പോൾ തന്നെ ജെമിനി ബട്ടണുകളോ എഐ ടൂളുകളോ ഇല്ലാതെ വളരെ ലളിതമായ രൂപകൽപ്പനയാണ് ഇതിലുള്ളത്.
കൂടാതെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി ഡക്ക്ഡക്ക്ഗോ (DuckDuckGo) ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്രോമിൽ ലഭ്യമല്ലാത്ത നിരവധി പ്രത്യേകതകളും ബെയർ ബ്രൗസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുബ്ലോക്ക് ഒറിജിൻ (uBlock Origin) മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതിനാൽ പരസ്യങ്ങളെ പൂർണ്ണമായി തടയാൻ സാധിക്കും. കൂടാതെ ക്രോം വെബ് സ്റ്റോർ വഴി ബിറ്റ്വാർഡൻ (Bitwarden), ഡാർക്ക് റീഡർ (Dark Reader) തുടങ്ങിയ എക്സ്റ്റൻഷനുകളും ഇതിൽ ഉപയോഗിക്കാം.
ലോക്ക് സ്ക്രീനിൽ മീഡിയ പ്ലേബാക്ക് തുടരാനുള്ള സൗകര്യവും ദീർഘനേരം അമർത്തിപ്പിടിച്ചുകൊണ്ട് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനവും ഇതിന്റെ പ്രധാന പ്രത്യേകതകളാണ്. പൂർണ്ണ വളർച്ചയെത്താത്തതിനാൽ ചെറിയ ചില സാങ്കേതിക തടസ്സങ്ങൾ ഇതിലുണ്ട് എങ്കിലും, ഗൂഗിളിന്റെ അമിതമായ എഐ ഇടപെടലുകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇതൊരു മികച്ച ബദലായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

