സ്വത്തു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ടെക്കി അറസ്റ്റിൽ. ഈസ്റ്റ് ഡൽഹിയിലാണ് ഞെട്ടിക്കുന്ന ക്രൈം വെബ് സീരീസിനെ വെല്ലുന്ന രീതിയിലുള്ള കൊലപാതകം അരങ്ങേറിയത്.
സംഭവത്തിൽ 62കാരനായ കമൽ സിങ് ആണ് പിടിയിലായത്. കോമൾ സിങ് ആണ് കൊല്ലപ്പെട്ടത്.
കുറ്റകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പൊലീസിനെ വഴിതെറ്റിക്കാനും ഇയാൾ ആസൂത്രിതമായ നീക്കങ്ങൾ നടത്തിയെങ്കിലും ഒടുവിൽ ഡൽഹി പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ദമ്പതികളുടെ മകൻ ലൈബ്രറിയിലേക്കും മകൾ ജോലിക്കും പോയ സമയത്തായിരുന്നു ആക്രമണം. വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കി ബാൽക്കണിയിൽ തുണി ഉണക്കുകയായിരുന്ന കോമളിന്റെ തലയിലേക്ക് കമൽ വാളുപയോഗിച്ച് അടിക്കുകയായിരുന്നു.
എന്നാൽ ഈ ആക്രമണത്തിലും ഇവർക്ക് ബോധം നഷ്ടമായില്ല. തുടർന്ന് നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടിയൊളിക്കാൻ ശ്രമിച്ച കോമളിനെ കമൽ പിന്നാലെയെത്തി മുടിയിൽ പിടിച്ച് സ്വീകരണമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു.
തുടർന്ന് കത്രിക ഉപയോഗിച്ച് പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസമയത്ത് കോമളിന്റെ നിലവിളി ശബ്ദം സമീപവാസികളിൽ പലരും കേട്ടിരുന്നെങ്കിലും ആരും ഇടപെടാൻ തയ്യാറായില്ല.
കമലിന്റെ പിതാവ് ശബ്ദം കേട്ട് വീട്ടിൽ ചെന്നുനോക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും, മകന്റെ കുടുംബകാര്യങ്ങളിൽ ഇടപെടേണ്ടെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. കൊലപാതകത്തിന് ശേഷം കുളിച്ചു വൃത്തിയായ കമൽ, താൻ ധരിച്ചിരുന്ന വസ്ത്രങ്ങളും കൃത്യത്തിന് ഉപയോഗിച്ച വാളും ഒരു കവറിലാക്കി സ്കൂട്ടറിൽ കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു.
തുടർന്ന് കോമളിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 7 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 12,75,000 രൂപയുമായാണ് ഇയാൾ കടന്നത്. ആദ്യം മൊബൈൽ ഫോൺ ഓൺ ചെയ്തുകൊണ്ട് ഗൊരഖ്പുർ ഭാഗത്തേക്ക് പോയ ഇയാൾ, താൻ നേപ്പാളിലേക്ക് കടക്കുകയാണെന്ന് പൊലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഗൊരഖ്പുരിൽ എത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ പിന്നീട് മഥുര ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. എന്നാൽ മൂന്നു ദിവസത്തെ പരിശ്രമത്തിനൊടുവിൽ ഡൽഹി പൊലീസ് ഇയാളെ മഥുര റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയാണുണ്ടായത്.
പ്രശസ്തമായ ‘ദ് സ്റ്റെയർകേസ്’ എന്ന വെബ് സീരീസിൽ നിന്നാണ് കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനുമുള്ള മാർഗങ്ങൾ ഇയാൾ പ്രചോദനമാക്കിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. മറ്റൊു സ്ത്രീയുമായുള്ള ബന്ധത്തെ തുടർന്ന് ഏറെക്കാലമായി കമലും കോമളും അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ജഗത്പുരിൽ പിതാവിന്റെ പേരിൽ ഭൂമി വാങ്ങാൻ കമൽ ആഗ്രഹിച്ചിരുന്നെങ്കിലും, ഇതിന്റെ ഓഹരി ആവശ്യപ്പെട്ട് കോമൾ രംഗത്തെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന തർക്കം. ഇവർ ഒരേ വീട്ടിലാണ് താമസിച്ചിരുന്നതെങ്കിലും വൈദ്യുതി ബില്ലുകൾ പോലും വെവ്വേറെയാണ് അടച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

