ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം മണ്ണിലൊളിപ്പിച്ചുവച്ചിരിക്കുന്ന രാജ്യങ്ങൾ ഓസ്ട്രേലിയയും റഷ്യയുമാണ്. ഓസ്ട്രേലിയൻ മണ്ണിൽ 13,000 മെട്രിക് ടൺ സ്വർണമാണുള്ളതെന്നാണു കണക്കെങ്കിൽ റഷ്യയിൽ അത് 12,000 മെട്രിക് ടൺ ആണ്.
ഇങ്ങ് ഇന്ത്യയിൽ നമ്മുടെ കൊച്ചുകേരളത്തിലുമുണ്ട് ഒരു സ്വർണഭൂപടം: അട്ടപ്പാടി – നിലമ്പൂർ ബെൽറ്റ്. ഇവിടെ എത്ര സ്വർണമുണ്ടെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നു മാത്രം.
എന്നാൽ, ഇതൊരു കൗതുകക്കണക്കും സങ്കൽപവും മാത്രമാണ്. അട്ടപ്പാടി പോലുള്ള മേഖലയിൽ സ്വർണഖനനത്തിന് ഒരിക്കലും അനുമതി കിട്ടില്ല.
പഠനത്തിനോ പര്യവേക്ഷണത്തിനോ ഉള്ള അനുമതി പോലും ലഭിക്കില്ല. മാത്രമല്ല, വൻതുകയും സാങ്കേതികവിദ്യയും മുതൽമുടക്കുള്ള സ്വർണഖനനം ഇവിടം ഒട്ടും ലാഭകരവുമാകില്ല.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 1962ലാണ് ഈ മേഖലയിലെ സ്വർണസാന്നിധ്യം കണ്ടെത്തിയത്. അട്ടപ്പാടി താലൂക്കിലെ ഗുഢയൂർ, കാരയൂർ, വണ്ണാന്തുറ മേഖലകളിൽ സ്വർണമുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
അട്ടപ്പാടി താഴ്വരയും നിലമ്പൂർ താഴ്വരയും ചേർന്ന ഭാഗം സ്വാഭാവിക സ്വർണപ്പാടങ്ങളായാണ് ഗവേഷകർ കണക്കാക്കുന്നത്. കേരളത്തിലെ അയിരിൽ ഒരു ടണ്ണിന് 13.88 ഗ്രാം സ്വർണമുണ്ടെന്നാണു കണക്ക്.
ലോകനിലവാരത്തിൽ ഇതു വളരെ ഉയർന്നതാണ്. പൂർവികർ അരിച്ചെടുത്ത സ്വർണത്തരികൾ
അട്ടപ്പാടിയിലെ ശിരുവാണിപ്പുഴയിലും ചില തോടുകളിലും നാട്ടുകാർ സ്വർണം അരിച്ചെടുക്കുന്നു എന്നു റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് 1965 ലാണ് അട്ടപ്പാടി മേഖലയുടെ സാമ്പത്തികസാധ്യത വിലയിരുത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിശദമായ പഠനങ്ങൾ തുടങ്ങിയത്.
1993ൽ ശിരുവാണിപ്പുഴയുടെ ഭൂരൂപ മാപ്പിങ്ങും സ്വർണം അരിച്ചെടുക്കൽ പരീക്ഷണവും നടത്തി. അതിലാണ് പുത്തുമലയിൽ പ്രാഥമിക സ്വർണധാതുവൽക്കരണം കണ്ടെത്തിയത്.
ഇവിടെയുള്ള വെള്ളാരങ്കല്ലു പാറകളിലും ഹരിതശിലകളിലും മറ്റും സ്വർണനിക്ഷേപത്തിന്റെ തെളിവുകൾ കണ്ടെത്തി. അട്ടപ്പാടിയിലെ 834 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പാറകളിൽ സ്വർണസാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.
കറുത്ത പാറകളിലെ വെള്ളാരങ്കല്ലു വരകളോടു ചേർന്നാണ് സ്വർണധാതുവൽക്കരണം കണ്ടെത്തിയത്. ജിഎസ്ഐയുടെ കണ്ടെത്തൽ ഡെക്കാൻ ഗോൾഡ് മൈൻസ് പിന്നീട് സ്ഥിരീകരിച്ചു.
സ്വർണം തിരയുന്നു, 1962 മുതൽ
1962 മുതൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അട്ടപ്പാടിയിൽ സ്വർണം തിരയുന്നുണ്ട്. ജിഎസ്ഐ കണ്ടെത്തിയ ഗുഢയൂർ, കാരയൂർ-വണ്ണാന്തുറ മേഖലകളിലെ വെള്ളാരങ്കല്ലു പാറകളുടെ സിരകളിൽ സ്വർണമുണ്ട്.
ഇവിടത്തെ ഗ്രേഡ് ടണ്ണിന് 4 മുതൽ 14 ഗ്രാം വരെ ആണെന്നാണ് അനൗദ്യോഗിക കണക്ക്, ലോകശരാശരി 1 – 2 ഗ്രാം ആണ്. വെള്ളാരങ്കല്ലുപാറകൾക്കുള്ളിലെ നൂൽവിടവുകളിലാണ് സ്വർണാംശമുള്ളത്.
ഇതിനെ ‘ലോഡ് ഗോൾഡ്’ എന്നു പറയും. നദികളിലൂടെ ഒഴുകിവരുന്ന ‘പ്ലേസർ ഗോൾഡും’ ഉണ്ട്.
പര്യവേക്ഷണത്തിൽ ചിലയിടത്ത് ടണ്ണിന് 4 മുതൽ 14 ഗ്രാം വരെ ഗ്രേഡ് കിട്ടിയിട്ടുണ്ട്. ഇതു വാണിജ്യപരമായി ലാഭകരമാണ്.
എന്നാൽ, പഠനത്തിനായി വനമേഖലയിൽ വിശദമായ ഡ്രില്ലിങ് നടത്താൻ പരിസ്ഥിതി അനുമതിയില്ല. അതുകൊണ്ടുതന്നെ കൃത്യമായ കരുതൽശേഖരം കണക്കാക്കാനായിട്ടില്ല, 1990കളിലും 2006ലും പര്യവേക്ഷണം നടന്നെങ്കിലും പിന്നീട് തുടർച്ചയില്ലാതെ നിലച്ചു.
അട്ടപ്പാടിയിലെ 12 സ്വർണ സാധ്യതാ മേഖലകൾ
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ഖനന ഭൂവിജ്ഞാന വകുപ്പും ചേർന്ന് അട്ടപ്പാടി താഴ്വരയിൽ കണ്ടെത്തിയ12 ബ്ലോക്കുകൾ ചേർന്നതാണ് അട്ടപ്പാടി ഗോൾഡ് ഫീൽഡ്. ഇതു കർണാടകയിലെ കോലാർ ഫീൽഡിന്റെ തുടർച്ചയായി കണക്കാക്കപ്പെടുന്നു.
ഗുഢയൂർ, കാരയൂർ, വണ്ണാന്തുറ, പുട്ടുമല ഈസ്റ്റ്, പുട്ടുമല വെസ്റ്റ്, കള്ളക്കര, കോട്ടത്തറ, പോത്തുപ്പാടി എന്നിവിടങ്ങളാണു പ്രധാന ഫീൽഡുകൾ. എല്ലായിടത്തുമായി ഏകദേശം 4.5 കിലോമീറ്റർ വിസ്തൃതിയിലായാണു സ്വർണമുള്ളത്.
3 വർഷം പൂർണ ഡ്രില്ലിങ് നടത്തിയാലേ ഓരോന്നിന്റെയും കൃത്യമായ ആഴവും മൊത്തം റിസർവ് ടണ്ണേജും പറയാനാകൂ. കേരളത്തിലെ ഏക ആദിവാസി താലൂക്കാണ് അട്ടപ്പാടി.
249 ചതുരശ്ര കിലോമീറ്റർ സംരക്ഷിത വനമുണ്ടിവിടെ. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാതെ വനത്തിൽ പര്യവേക്ഷണം നടത്താനാവില്ല.
വനത്തിനു പുറത്തും ഖനനത്തിന് ഒട്ടേറെ കടമ്പകളുണ്ട്. സ്വർണസമ്പന്നം ഇന്ത്യ
ഭൂമിക്കടിയിലെ സ്വർണത്തിന്റെ കാര്യത്തിൽ ഇന്ത്യയൊരു ദരിദ്രരാജ്യമല്ല.
രാജ്യത്ത് ഏകദേശം 500 ദശലക്ഷം ടൺ സ്വർണ അയിര് നിക്ഷേപമുണ്ട്. ഇതിൽനിന്ന് 759 ടൺ ശുദ്ധസ്വർണം ലഭിക്കും എന്നാണു കണക്ക്.
1880 മുതൽ 2001 വരെ 900 ടൺ സ്വർണം നൽകിയ കോലാർ സ്വർണഖനി (കെജിഎഫ്) 2001ൽ അടച്ചു.
ഇപ്പോൾ കെജിഎഫിലെ 32 ദശലക്ഷം ടൺ അവശിഷ്ടത്തിൽ നിന്നു വർഷത്തിൽ 750 കിലോ വീതം 23 ടൺ സ്വർണം വീണ്ടെടുക്കാനാണു നീക്കം. ഇന്ത്യയിലെ ഏക സജീവ സ്വർണഖനിയായ ഹട്ടിയിൽ 31.02 ദശലക്ഷം ടൺ അയിരിൽ 150.4 ടൺ സ്വർണമുണ്ട്.
ഇനി 71 ടൺ ശേഷിക്കുന്നു. 25 വർഷം കൂടി ഇവിടെ ഖനനമുണ്ടാകും.
ഇന്ത്യയിലെ വീടുകളിൽ സമ്പാദ്യമായി 34,600 ടൺ സ്വർണമുണ്ടെന്നാണു കണക്ക്. അതേസമയം, രാജ്യത്ത് ഖനനം ചെയ്യുന്നത് വർഷത്തിൽ 1.5 ടൺ മാത്രം.
റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം 880.52 ടൺ സ്വർണമാണ്. ഇന്ത്യ സ്വർണത്തിനായി ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

