രാം ചരൺ നായകനായി എത്തിയ പെഡ്ഡി എന്ന ചിത്രം തിയറ്ററുകളിൽ എത്തിയതിന് പിന്നാലെ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. സിനിമയുടെ കഥാതന്തുവിനേക്കാൾ ഉപരിയായി നായികയായ ജാൻവി കപൂറിന്റെ വേഷവിധാനവും, ക്യാമറ കൈകാര്യം ചെയ്ത രീതിയും വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
സ്ത്രീശരീരത്തെ കേവലം ഉപഭോഗവസ്തുവായി മാത്രം അവതരിപ്പിക്കാൻ സിനിമ ശ്രമിച്ചുവെന്നും, നായികയുടെ ശരീരഭാഗങ്ങൾക്ക് അമിത പ്രാധാന്യം നൽകി ചിത്രീകരിച്ചുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടെ ജാൻവി കപൂർ മാസങ്ങൾക്ക് മുൻപ് ഒരു പോഡ്കാസ്റ്റിൽ നടത്തിയ പരാമർശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
“നമ്മൾ സ്റ്റൈലൻ വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോകുമ്പോൾ, ക്യാമറയുമായി ഒരുകൂട്ടം വന്ന് നമ്മുടെ ശരീരഭാഗങ്ങളിലേക്ക് മാത്രം സൂം ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിക്കില്ല. പക്ഷേ അവർ കാഴ്ചക്കാർക്കും പണത്തിനും വേണ്ടി സ്ത്രീകളുടെ ശരീരം അവരുടെ അനുവാദമില്ലാതെ ചിത്രീകരിക്കുന്നു.
അത് അങ്ങേയറ്റം അപലപനീയമാണ്,” എന്നാണ് ജാൻവി അന്ന് വ്യക്തമാക്കിയത്. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കുന്നതും, അനുവാദമില്ലാതെ സെക്ഷ്വലൈസ് ചെയ്യപ്പെടുന്നതും രണ്ടാണ് എന്ന് താരം പറയുന്നു.
താൻ അസ്വസ്ഥയാകുന്ന ക്യാമറ ആംഗിളുകളിൽ ഷൂട്ട് ചെയ്യുമ്പോൾ അത് അരുതെന്ന് പറയാൻ തുടക്കത്തിൽ മടിയുണ്ടായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അത്തരം കാര്യങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാറുണ്ടെന്നും താരം അവകാശപ്പെടുന്നു. “സിനിമയിൽ ക്യാമറ മാൻ നമുക്ക് കംഫെർട്ടബിൾ അല്ലാത്ത ആംഗിളുകളിൽ ക്യാമറ വെക്കുമ്പോൾ ‘അത് പറ്റില്ല’ എന്ന് ശക്തമായി പറയണം.
അങ്ങനെ പറയാൻ എനിക്ക് തുടക്കത്തിൽ വലിയ മടിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.
ഇഷ്ടമായില്ലെങ്കിൽ അത് തുറന്നുപറയും. ഇത്തരത്തിലുള്ള മോശം ചിത്രീകരണങ്ങൾ പ്രേക്ഷകരിലും നിർമ്മാതാക്കളിലും എന്നെ കുറിച്ച് തെറ്റായ ഒരു പൊതുബോധം ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്.
ഒരു പരിധി വരെ നല്ല കഥാപാത്രങ്ങൾ എനിക്ക് നഷ്ടപ്പെടാൻ കാരണവും ഇതാണ്” എന്നും ജാൻവി കപൂർ വ്യക്തമാക്കിയിരുന്നു. എങ്കിലും, സിനിമയിലെ എല്ലാ കാര്യങ്ങളിലും പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രതികരിക്കാൻ താൻ പ്രാപ്തയായിട്ടില്ലെന്നും പലപ്പോഴും വിട്ടുവീഴ്ചകൾക്ക് വഴങ്ങേണ്ടി വരുന്നുണ്ടെന്നും താരം തുറന്നുസമ്മതിക്കുന്നു.
ഇതിനിടെ, പെഡ്ഡി എന്ന ചിത്രത്തിൽ താരം സ്വീകരിച്ച സമീപനത്തിനെതിരെ വിമർശകർ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം നിലപാടുകൾ തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും, തെറ്റായ രീതികളോട് മുഖം നോക്കാതെ വിയോജിപ്പ് പ്രകടിപ്പിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

