തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ (ടാസ്മാക്) നിന്നും പാർട്ടി ഫണ്ടിലേക്ക് അനധികൃതമായി പണം പിരിക്കുന്ന രീതി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ജോസഫ് വിജയ് കർശന നിർദ്ദേശം നൽകി. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം പൂർണ്ണമായും സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
മുൻ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തേണ്ട തുക വകമാറ്റിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്.
പ്രതിമാസം ടാസ്മാക് വഴി ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഏകദേശം 102 കോടിയോളം രൂപ പാർട്ടി ഫണ്ടുകളിലേക്ക് വകമാറ്റുന്നുണ്ടെന്ന വിവരമാണ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 1,600 കോടി രൂപയോളം ഖജനാവിന് നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ അഴിമതി രീതികൾ ഇനി വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഒരു കേസ് മദ്യത്തിന് 90 രൂപ, ഒരു കേസ് ബിയറിന് 40 രൂപ, ഒരു കേസ് വൈനിന് 20 രൂപ എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും ഫണ്ടിലേക്ക് പണം മാറ്റുന്ന സംവിധാനം നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
ഈ സാഹചര്യത്തിൽ ടാസ്മാക്കിന്റെ മൊത്ത-ചില്ലറ വിൽപ്പന ശൃംഖലകളിൽ നിലനിൽക്കുന്ന അനധികൃത പിരിവ് സംവിധാനങ്ങൾ പൂർണ്ണമായും നിർത്തലാക്കാൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകി. നേരത്തെ, അധികാരമേറ്റെടുത്തതിന് പിന്നാലെ ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് റീട്ടെയ്ൽ കടകൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ഇതിന്റെ തുടർച്ചയായാണ് സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനുള്ള പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

