വടകരയിലെ വിവാദപരമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികൾ ആരംഭിച്ചു. കേസിന്റെ അന്വേഷണത്തിനായി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വടകര റൂറൽ എസ്.പി ഓഫീസിൽ ആദ്യഘട്ട
യോഗം ചേർന്ന് പ്രവർത്തനങ്ങൾ ക്രമീകരിച്ചു. കോഴിക്കോട് റൂറൽ എസ്.പി ടി.
ഫറാഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനാണ് നേതൃത്വം നൽകുന്നത്.
വടകര പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ഈ പ്രത്യേക സംഘം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.
കേസുമായി ബന്ധപ്പെട്ട് സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ചതായി കണ്ടെത്തിയ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, കേസിലെ ആദ്യ പ്രതിയായ എം.എസ്.എഫ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ഇതുവരെയുള്ള കേസുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും സംഘം പരിശോധിച്ചുവരികയാണ്.
എന്നാൽ, മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം പൂർണ്ണമായി ലഭിച്ചിട്ടില്ല. “സ്ക്രീന് ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം” എന്നാണ് ഇതുസംബന്ധിച്ച് വടകര റൂറൽ എസ്.പി ടി.
ഫറാഷ് പ്രതികരിച്ചത്. അതേസമയം, സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന്റെ ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് ഇപ്പോഴും ലഭ്യമാണെന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

