കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശുവിന് ചികിത്സാ നിഷേധമുണ്ടായെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ.സി.സുജിൻ, വി.ആർ.
അമല എന്നിവരാണ് അധികൃതർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ്, ഐഎംസിഎച്ച് സൂപ്രണ്ട്, ഡിഎംഒ എന്നിവർക്കാണ് കുടുംബം പരാതി സമർപ്പിച്ചത്.
സംഭവം സംബന്ധിച്ച് കുട്ടിയുടെ പിതാവ് ഐ.സി.സുജിൻ പറയുന്നതിങ്ങനെ: “മേയ് 14ന് അമല പ്രസവിക്കുമ്പോൾ കുഞ്ഞിന് 3.35 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പ്രസവത്തിൽ കുട്ടിയുടെ വലതുകൈയ്ക്ക് ഒടിവ് സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഒടിവ് കണ്ടെത്തിയശേഷം കുഞ്ഞിനു മതിയായ പരിചരണം നൽകുന്നതിൽ വീഴ്ച വന്നുവെന്നാണ് ആരോപണം. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന പ്രസവത്തിനു ശേഷം കുട്ടിയെ നവജാതശിശു ഐസിയുവിലേക്ക് കൊണ്ടുപോയി.
കുട്ടി വേദന കൊണ്ട് കരഞ്ഞിട്ടും അടിയന്തര ചികിത്സ നൽകിയില്ല. രാത്രി 8ന് ആണ് എക്സ്റേ എടുത്ത് ഒടിവ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.” തുടർന്ന് കുട്ടി വേദനകൊണ്ട് ഏറെ നേരം ബുദ്ധിമുട്ടിയിട്ടും പിറ്റേന്ന് മാത്രമാണ് പ്ലാസ്റ്റർ ഇടാൻ അധികൃതർ തയ്യാറായതെന്ന് കുടുംബം ആരോപിക്കുന്നു.
മേയ് 17-ന് അമ്മ കുഞ്ഞിന് പാൽ നൽകാൻ എത്തിയപ്പോൾ പ്ലാസ്റ്റർ അഴിഞ്ഞുവീണ നിലയിലായിരുന്നു. തുടർന്ന് കുടുംബം നൽകിയ വിവരണം: “ഉച്ചയ്ക്ക് 12 ന് പ്ലാസ്റ്റർ അഴിഞ്ഞുവീണ വിവരം അറിയിച്ചിട്ടും രാത്രി 9 വരെ ഡോക്ടർമാർ പരിശോധനയ്ക്ക് എത്തിയില്ല.
എല്ല് ഇളകിയ നിലയിലായിരുന്നു. പിന്നീട് എന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എല്ല് കയറിപ്പോയിട്ടുണ്ടെന്ന് അറിയിച്ച് അവിടെയുള്ള ഡോക്ടർമാർ വീണ്ടും പ്ലാസ്റ്റർ ഇടുകയായിരുന്നു.” ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

