വയനാട് ജില്ലയിൽ അതിശക്തമായ മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും കാരാപ്പുഴ–അമ്പലവയൽ റോഡിൽ ജലസേചന വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. മാങ്കുന്ന് ഭാഗത്ത് റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇന്നലെ കനത്ത മഴയ്ക്കിടയിലും പുരോഗമിച്ചത്.
വീതി കുറഞ്ഞതും അപകടകരമായ വളവുകളുമുള്ള ഈ മേഖലയിൽ മാസങ്ങൾക്ക് മുൻപ് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചിരുന്നു. മഴയില്ലാത്ത സമയങ്ങളിൽ പൂർത്തീകരിക്കേണ്ടിയിരുന്ന ജോലികൾ അനാസ്ഥമൂലം നീണ്ടുപോവുകയായിരുന്നു.
എന്നാൽ മഴ ശക്തമായതോടെ വീണ്ടും പ്രവൃത്തികൾ പുനരാരംഭിച്ചത് ഗതാഗത തടസ്സങ്ങൾക്കും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ മഴയിൽ നനയാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മൂടുന്നുണ്ടെങ്കിലും, ഈ പ്രവൃത്തികൾ അശാസ്ത്രീയമാണെന്ന ആക്ഷേപമുണ്ട്.
റെഡ് അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും മഴ കുറവായതുകൊണ്ടാണ് പ്രവൃത്തികൾ തുടരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അവധി ദിനമായതിനാൽ കാരാപ്പുഴ ഡാം സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.
നിർമാണത്തിനായി എത്തിച്ച യന്ത്രസാമഗ്രികൾ റോഡിൽ തടസ്സം സൃഷ്ടിക്കുന്നത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

