ആലപ്പുഴ നഗരസഭയിലെ റെയിൽവേ സ്റ്റേഷൻ വാർഡിൽ, തകർച്ചയുടെ വക്കിലെത്തിയ വീട്ടിൽ കഴിയുന്നത് മൂന്ന് സ്ത്രീകൾ. കുരിശുപറമ്പിൽ വീട്ടിൽ താമസിക്കുന്ന കമലാക്ഷി (99), മക്കളായ രാധ (75), സിന്ധു (57) എന്നിവരാണ് അതീവ ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ജീവിക്കുന്നത്.
കഴിഞ്ഞ 13 വർഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ് കമലാക്ഷി. ഭർത്താവ് കൃഷ്ണൻ 32 വർഷങ്ങൾക്ക് മുൻപ് അന്തരിച്ചു.
രാധയും സിന്ധുവും അവിവാഹിതകളാണ്. രാധ വീട്ടുജോലികൾക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനവും ഇവർക്ക് ലഭിക്കുന്ന അഗതി പെൻഷനും മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
എന്നാൽ, മരുന്നിനും ഭക്ഷണത്തിനുമുള്ള ചെലവുകൾക്ക് ഈ തുക ഒട്ടും തികയുന്നില്ല. രാധ ജോലിക്ക് പോകുമ്പോൾ സിന്ധുവാണ് അമ്മയെ പരിചരിക്കുന്നത്.
നാല് സെന്റ് സ്ഥലത്തുള്ള രണ്ട് മുറികളടങ്ങുന്ന പഴയ വീട് ഇപ്പോൾ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. സമീപദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും വീടിന്റെ അടുക്കള പൂർണ്ണമായും തകർന്നു.
ഭിത്തികൾ വലിയ തോതിൽ വിണ്ടുകീറിയ അവസ്ഥയിലാണ്. തകർന്ന ഭിത്തിക്ക് സമീപത്തായാണ് കിടപ്പിലായ കമലാക്ഷി കഴിയുന്നത്.
നഗരസഭയിൽ നിന്ന് പുതിയ വീട് അനുവദിക്കാൻ തീരുമാനമുണ്ടായെങ്കിലും, നിർമ്മാണത്തിനായി ആറ് ലക്ഷം രൂപ അധികമായി കണ്ടെത്തേണ്ടി വരും എന്ന സാഹചര്യത്തിൽ ആ പദ്ധതിയിൽ നിന്ന് അവർക്ക് പിന്മാറേണ്ടി വന്നു. ഇതിനിടയിലാണ്, മറ്റൊരാളെ സഹായിക്കാനായി വീടിന്റെ ആധാരം ബാങ്കിൽ പണയപ്പെടുത്തിയ വകയിൽ ജപ്തി ഭീഷണിയും ഈ കുടുംബത്തെ വേട്ടയാടുന്നത്.
അടച്ചുറപ്പുള്ള ഒരിടമില്ലാത്തതും ചികിത്സാച്ചെലവുകൾ താങ്ങാനാവാത്തതും തങ്ങളെ വലിയ ആശങ്കയിലാക്കുന്നുവെന്ന് രാധയും സിന്ധുവും വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

