നീതിക്കായുള്ള രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർത്ഥികളുടെ ഐതിഹാസിക വിജയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശേഷിപ്പിച്ചു. വിദ്യാർത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം മുട്ടുകുത്തിയതിന്റെ തെളിവാണ് ഈ രാജിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളുടെ അവകാശപ്പോരാട്ടം വിജയം കണ്ടതിൽ കടുത്ത അഭിമാനമുണ്ടെന്നും, ഈ സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയും ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരും കണ്ടില്ലെന്ന് നടിച്ച, പ്രതിഷേധങ്ങളെ ഏകാധിപത്യ പ്രവണതകളോടെ നേരിട്ട
ബി ജെ പി ഗവൺമെന്റിന് ജനാധിപത്യത്തിന്റെ കരുത്തെന്താണെന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഒരു മന്ത്രിയുടെ രാജി കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കേന്ദ്രം അടിച്ചേൽപ്പിച്ച നീറ്റ് അടക്കമുള്ള പരീക്ഷകൾക്ക് പിന്നിൽ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കലും കാവിവൽക്കരിക്കലുമാണെന്ന് ഇന്ന് വ്യക്തമാണ്.
വിശ്വാസ്യത പൂർണ്ണമായും തകർന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) യെ ഒഴിവാക്കുകയോ അടിമുടി അഴിച്ചുപണിയുകയോ വേണം. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പുതിയ പരീക്ഷാ നടത്തിപ്പ് സംവിധാനം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ യാതൊരു ഒത്തുതീർപ്പുകളുമില്ലാതെ പോരാടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ നേർന്നു. അഴിമതി നിറഞ്ഞ ഈ കേന്ദ്രീകൃത സംവിധാനത്തെ വേരോടെ പിഴുതെറിയും വരെ ഈ പോരാട്ടം മുന്നോട്ടു പോകേണ്ടതുണ്ടെന്നും, അതിനു കരുത്തു പകരാൻ അടിയുറച്ച ജനാധിപത്യ ബോധ്യത്തോടെ ഒറ്റക്കെട്ടായി പോരാട്ടം തുടരാമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

