കോട്ടയം നഗരസഭയുടെ വികസന ഭൂപടത്തിൽ നിർണായക മാറ്റം കുറിച്ചുകൊണ്ട് കോടിമതയിൽ ‘സ്ട്രീറ്റ് ഫുഡ് ഹബ്’ സ്ഥാപിക്കാൻ നഗരസഭാ കൗൺസിൽ ഔദ്യോഗികമായി അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി – സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം വിഭാവനം ചെയ്യുന്നത്.
ഏകദേശം അഞ്ചര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കേന്ദ്ര സഹായമായി 4 കോടി രൂപയാണ് നഗരസഭ ലക്ഷ്യമിടുന്നത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നത്.
കേരളത്തിലെ അഞ്ച് നഗരസഭകൾക്കാണ് കേന്ദ്ര സഹായം ലഭിക്കുക. പ്രാഥമിക വിലയിരുത്തലുകൾക്ക് ശേഷം അന്തിമ പരിശോധനയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട
ഏഴ് നഗരസഭകളിൽ കോട്ടയം നഗരസഭയും ഇടംപിടിച്ചു. നഗര വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി ഈ മാസം 9-ന് തിരുവനന്തപുരത്ത് നടത്തുന്ന അന്തിമ പരിശോധനയ്ക്ക് ശേഷം, തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ പൂർണ അംഗീകാരത്തിനായി സമർപ്പിക്കും.
പദ്ധതിയുടെ രൂപരേഖ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ സോഷ്യൽ ഔട്ട്റീച്ച് പ്രോഗ്രാം വഴിയാണ് തയ്യാറാക്കിയത്. കൗൺസിൽ യോഗത്തിൽ കോ-കൺവീനർ ആർക്കിടെക്ട് അശ്വിൻ ഐപ് ഫിലിപ്പ്, ആർക്കിടെക്ട് പ്രഭുൽ മാത്യു എന്നിവർ ചേർന്നാണ് പദ്ധതി വിശദീകരിച്ചത്.
കോടിമത പാലത്തിനു സമീപം കൊടുരാറിന്റെ തീരത്തുള്ള നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് ഈ കേന്ദ്രം ഒരുങ്ങുന്നത്. പദ്ധതിയുടെ സവിശേഷതകൾ
മഴക്കാലത്തെ കൂടി അതിജീവിക്കാൻ പാകത്തിൽ 9 മീറ്റർ ഉയരത്തിൽ കുടയുടെ മാതൃകയിലാണ് മേൽക്കൂര രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതിന്റെ മുകൾഭാഗം പൂർണമായും സോളർ പാനലുകൾ കൊണ്ട് സജ്ജീകരിക്കും. ഇവിടെ സജ്ജീകരിക്കുന്ന 50 സ്റ്റാളുകളിലായി പരമ്പരാഗത കേരളീയ വിഭവങ്ങളും ആധുനിക സ്ട്രീറ്റ് ഫുഡുകളും ലഭ്യമാകും.
കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രാദേശിക സ്വയംസഹായ സംഘങ്ങൾക്കും തദ്ദേശീയ സംരംഭകർക്കുമായിരിക്കും സ്റ്റാളുകൾ അനുവദിക്കുന്നതിൽ മുൻഗണന. കൂടാതെ, ആറിന്റെ തീരത്ത് ആംഫി തിയറ്ററും ഈരയിൽക്കടവ് മുതൽ കോടിമത വരെ ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ ജലാഭിമുഖ നടപ്പാതയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

