കള്ളുഷാപ്പുകളിൽ സ്ത്രീകൾക്കും ജോലി ചെയ്യാമെന്ന് കോടതി ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പ് നിയമപരമായ ഈ രംഗത്തേക്ക് ചുവടുവെച്ച് മാതൃകയാവുകയാണ് കടുത്തുരുത്തിയിൽ നിന്നുള്ള ഒരു യുവതി. കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിലെ യൂണിയൻ തൊഴിലാളിയായ സിന്ധു രാജീവ് (47) ആണ് കേരളത്തിലെ കള്ളുഷാപ്പുകളിലെ ആദ്യത്തെ വനിതാ കള്ളുവിൽപനക്കാരി.
കഴിഞ്ഞ 25 വർഷമായി കടുത്തുരുത്തി ടി.എസ് നമ്പർ 49 ഷാപ്പിലെ സെയിൽസ്മാൻ ആയിരുന്നു സിന്ധുവിന്റെ ഭർത്താവ് രാജീവ്. എന്നാൽ 2025 ജൂലൈ 17-ന് ഭർത്താവിന്റെ ആകസ്മിക വിയോഗം രണ്ട് മക്കളടങ്ങുന്ന കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കി.
കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഭർത്താവിന്റെ ജോലി താൻ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഷാപ്പ് ലൈസൻസികളായ അജയനോടും ഫിനിൽ ചെറിയാനോടും സിന്ധു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. യാതൊരുവിധ എതിർപ്പുകളുമില്ലാതെ ലൈസൻസികൾ ഇതിന് അനുമതി നൽകിയതോടെ മൂന്ന് മാസം മുമ്പ് സിന്ധു ഷാപ്പിൽ ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചു.
രാവിലെ 8 മണിക്ക് ജോലിക്കെത്തുന്ന സിന്ധു രാത്രി 8 മണിവരെയാണ് സേവനം അനുഷ്ഠിക്കുന്നത്. ഷാപ്പ് മാനേജർ അളന്നു വെക്കുന്ന കള്ള് ആവശ്യക്കാർക്ക് എടുത്തു നൽകുകയാണ് പ്രധാന ചുമതല.
തിരക്കേറിയ ടൗൺ ഷാപ്പായതിനാൽ തന്നെ ഇവിടെ ദിവസവും നൂറു ലിറ്ററിലധികം കള്ളാണ് വിറ്റുപോകുന്നത്. സ്ത്രീയായതുകൊണ്ട് മാത്രം കള്ളുഷാപ്പിൽ ജോലി ചെയ്യാൻ തനിക്ക് ഇതുവരെയും യാതൊരുവിധ പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്ന് സിന്ധു വ്യക്തമാക്കുന്നു.
ഷാപ്പിലെത്തുന്നവരും സഹപ്രവർത്തകരുമെല്ലാം വളരെ മാന്യമായ പെരുമാറ്റമാണ് തനിക്ക് നൽകുന്നത്. സാധാരണ കള്ളുഷാപ്പുകളിൽ കാണാറുള്ള ബഹളങ്ങളും തർക്കങ്ങളുമൊന്നും താൻ ജോലിക്ക് പ്രവേശിച്ചതിനു ശേഷം ഇതുവരെ ഉണ്ടായിട്ടില്ലെന്നും, മികച്ച രീതിയിലുള്ള വേതനം ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യകാലത്ത് എക്സൈസ് ഉദ്യോഗസ്ഥർക്കും യൂണിയൻ ഓഫീസിലെയും ക്ഷേമനിധി ബോർഡിലെയും അധികൃതർക്കും സിന്ധുവിന്റെ നിയമനം ഏറെ കൗതുകമുണർത്തുന്ന ഒന്നായിരുന്നു. ഈ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണമെന്നാണ് സിന്ധുവും കള്ളുഷാപ്പ് ഉടമകളും ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

