അന്താരാഷ്ട്ര കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ രണ്ടാം പതിപ്പിന്റെ വരവറിയിച്ചുകൊണ്ട് കൊച്ചിയിൽ ‘വാചകമേള’ എന്ന പേരിൽ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ.നിഷാദ്, കൊച്ചി മേയർ വി.കെ.മിനിമോൾ, ഫെസ്റ്റിവൽ ഡയറക്ടറും പ്രശസ്ത എഴുത്തുകാരനുമായ എൻ.എസ്.മാധവൻ, എഡിറ്റർ ഫിലിപ് മാത്യു, ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി.സ്വരാജ് എന്നിവർ ചേർന്ന് പ്രചാരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ തങ്ങളുടെ പ്രിയപ്പെട്ട വാചകങ്ങൾ രേഖപ്പെടുത്തി.
‘കൊച്ചിയിലേക്ക് സുസ്വാഗതം’ എന്നായിരുന്നു മേയർ വി.കെ.മിനിമോൾ വെള്ളക്കടലാസിൽ കുറിച്ചത്. ‘നാവിൽ മലയാളം, നെഞ്ചിൽ കേരളം’ എന്ന് എൻ.എസ്.മാധവൻ കുറിച്ചപ്പോൾ, ‘കൂടെ കൂടാം’ എന്ന സന്ദേശമാണ് എം.എ.നിഷാദ് പങ്കുവെച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിലെ ക്യാംപസുകളിലൂടെ കടന്നുപോകുന്ന റോഡ് ഷോ ഇതിനകം തേവര എസ്എച്ച് കോളജ്, തൃപ്പൂണിത്തുറ ആർഎൽവി കോളജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. വിദ്യാർഥികൾ വലിയ ആവേശത്തോടെയാണ് പരിപാടിയെ വരവേറ്റത്.
കവിതകളും നൃത്തച്ചുവടുകളും പാട്ടുകളുമായി എത്തിയ വിദ്യാർഥികൾ തങ്ങളുടെ പ്രിയ വാചകങ്ങൾ എഴുതിയും സമ്മാനങ്ങൾ ഏറ്റുവാങ്ങിയും ഹോർത്തൂസിന്റെ ഭാഗമായി. പ്രചാരണയാത്രയുടെ ഭാഗമായി ഇന്ന് പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദർശനം നടക്കും.
രാവിലെ 10-ന് തിരുവല്ല മാർത്തോമ്മാ കോളജ്, ഉച്ചയ്ക്ക് 12-ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ഉച്ചയ്ക്ക് ശേഷം മൂന്നിന് പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
വരുന്ന ഡിസംബർ 3 മുതൽ 6 വരെ കൊച്ചി സുഭാഷ് പാർക്കിലാണ് ഹോർത്തൂസ് കലാസാഹിത്യോത്സവം അരങ്ങേറുന്നത്. ‘ജീവിതം തൊട്ട് അടുത്ത്’ എന്നതാണ് ഈ വർഷത്തെ മേളയുടെ മുഖ്യ പ്രമേയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

